സ്വന്തം ലേഖകൻ: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കി കത്തില്‍ തിരിച്ചുവരാന്‍ സാധിക്കാത്ത ഘട്ടത്തിലേക്ക് പാര്‍ട്ടിയെത്തിയെന്നാണ് ആസാദ് പറഞ്ഞിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ ഒരു പ്രഹസനവും വ്യാജവുമാണെന്നും ആസാദ് ആരോപിച്ചു.
“രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം, പ്രത്യേകിച്ചും 2013 ല്‍ വൈസ് പ്രസിഡന്റായി നിയമിതനായതിന് ശേഷം, പാര്‍ട്ടിയില്‍ നിലനിന്നിരുന്ന കൂടിയാലോചന സംവിധാനം തകര്‍ക്കപ്പെട്ടു,” ആസാദ് പറയുന്നു.
“മുതിർന്നവരും പരിചയസമ്പന്നരുമായ എല്ലാ നേതാക്കളെയും മാറ്റിനിർത്തി, അനുഭവപരിചയമില്ലാത്ത പുതിയ കൂട്ടം പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാർട്ടിക്ക് വേണ്ടിയുള്ള തന്റെ വർഷങ്ങളുടെ സേവനത്തെക്കുറിച്ചും രാജിക്കത്തില്‍ ആസാദ് പറയുന്നു. “വളരെ ഖേദത്തോടെയും അങ്ങേയറ്റം ദുഖത്തോടെയുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള അരനൂറ്റാണ്ട് പഴക്കമുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഞാൻ തീരുമാനിച്ചത്,” അദ്ദേഹം കുറിച്ചു.
ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ സംഘടനാ പദവിയിൽ നിന്ന് ആസാദ് രാജിവച്ചിരുന്നു. ഏറെക്കാലമായി കോണ്‍ഗ്രസിന്റെ ഉന്നത പദവികള്‍ വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഗുലാം നബി ആസാദ്. കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയിരുന്ന നേതാവ് കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ കുറച്ചുകാലങ്ങളായി പാര്‍ട്ടിയില്‍ ആസാദ് അസ്വസ്ഥനായിരുന്നു. രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ അദ്ദേഹം പലയാവര്‍ത്തി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സ്വന്തമായി പാര്‍ട്ടി ആരംഭിക്കുമെന്നും ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭിച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല