പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി നാഷണല്‍ അസംബ്ളിയില്‍ വിശ്വാസവോട്ട് നേടി. വിശ്വാസ വോട്ടെടുപ്പില്‍ നിന്നും നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി വിട്ടു നിന്നു. പാര്‍ലമെന്റിന്റെ പരമാധികാരം പ്രഖ്യാപിക്കുന്ന പാക്ക് സര്‍ക്കാരിന്റെ പ്രമേയം നാഷണല്‍ അസംബ്ളിയില്‍ പാസാക്കി. ജനാധിപത്യത്തിന്റെ നല്ല ദിവസമാണിതെന്ന് വിശ്വാസ വോട്ടെടുപ്പിന് ശേഷം ഗീലാനി പറഞ്ഞു. കോടതിയലക്ഷ്യ കേസില്‍ ഈ മാസം 19ന് സുപ്രീം കോടതിയില്‍ ഹാജരാകുമെന്നും ഗീലാനി കൂട്ടിച്ചേര്‍ത്തു.
നേരത്തെ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗീലാനി രാജി സന്നദ്ധത അറിയിച്ചിരുന്നു. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുകള്‍ മരവിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു കോടതി പ്രധാനമന്ത്രിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചത്.
സര്‍ദാരിക്കെതിരായ അഴിമതിക്കേസുകളില്‍ അന്വേഷണം ആരംഭിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാതിരുന്ന സര്‍ക്കാരിനെ 17 അംഗ സുപ്രീംകോടതി ബെഞ്ച് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. നാഷണല്‍ റിക്കന്‍സിലിയേഷന്‍ ഓര്‍ഡിനന്‍സിലൂടെയാണ് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ ഭരണകാലത്ത് എടുത്ത അഴിമതിക്കേസുകള്‍ അവസാനിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഓര്‍ഡിനന്‍സ് പുറത്തിറക്കിയതോടെ സര്‍ദാരിക്കെതിരായ അഴിമതിക്കേസുകളില്‍ അന്വേഷണം മരവിപ്പിച്ചിരുന്നു.
മെമ്മോഗേറ്റ് വിവാദമടക്കം നിരവധി ആരോപണങ്ങള്‍ പാക് സര്‍ക്കാരിനെ ഉലയ്ക്കുന്നതിനിടെയാണ് രാജി വെക്കാന്‍ തീരുമാനിച്ച ഗിലാനി വിശ്വാസവോട്ട് നേടിയത്. പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞ ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ സേന വധിച്ചശേഷം, പാക് സൈന്യം സര്‍ക്കാരിനെ അട്ടിമറിയിക്കാന്‍ ശ്രമിക്കുമെന്നും ഇതില്‍ നിന്ന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പാക് പ്രസിഡന്റ് അമേരിക്കക്ക് കത്തയച്ചതാണ് മെമ്മേഗേറ്റ് വിവാദം.
ഈ വാര്‍ത്ത പുറത്തുവന്നതിന തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സൈനിക നേതൃത്വവും അന്വേഷണത്തെ എതിര്‍ത്ത് ഭരണകൂടവും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഇന്ന് ഉത്തരവ് പുറപ്പെടുവിക്കാനിരുന്നത് ഒരു ദിവസത്തേക്ക് കോടതി മാറ്റിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഗീലാനിയുടെ രാജിസന്നദ്ധതയ്ക്ക് പ്രസക്തിയേറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല