1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2012

കോടതിയലക്ഷ്യ കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി സുപ്രീം കോടതിയില്‍ ഹാജരായി നിലപാടു വിശദീകരിച്ചു. കേസിലെ വാദം കേള്‍ക്കല്‍ ഫെബ്രുവരി ഒന്നിലേക്കു മാറ്റി. അന്ന് ഗിലാനി നേരിട്ടു ഹാജരാവേണ്ടതില്ലെന്ന് കോടതി.

പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി ഉള്‍പ്പെട്ട അഴിമതി കേസില്‍ തുടര്‍ അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് നടപ്പാക്കാതിരുന്നതിനാണ് ഗിലാനി കോടതി അലക്ഷ്യ നടപടി നേരിടുന്നത്. ജുഡീഷ്യറിയോട് തനിക്ക് തികഞ്ഞ ആദരവാണ് ഉള്ളതെന്നും കോടതി അലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്നും ഗിലാനി ഇന്നലെ ഏഴംഗ ബെഞ്ചിനു മുമ്പാകെ അറിയിച്ചു. അതേസമയം ഭരണഘടനാ പരിരക്ഷയുള്ളതിനാല്‍ പ്രിസഡന്‍റിനെതിരായ കേസുമായി മുന്നോട്ടുപോവാനുള്ള ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് ഗിലാനി.

കോടതിയോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് താന്‍ നേരിട്ടു ഹാജരായതെന്ന് ഗിലാനി. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനെതിരായ നടപടികളുമായി മുന്നോട്ടുപോവുന്നത് നല്ല സന്ദേശമല്ല നല്‍കുക. രാഷ്ട്രത്തലവനുള്ള ഭരണഘടനാ പരിരക്ഷ എല്ലായിടത്തുമുള്ളതാണ്. പാക് ഭരണഘടനയും ഇത്തരം പരിരക്ഷ മുന്നോട്ടുവയ്ക്കുന്നു. ഭരണഘടന അനുസരിച്ചു മാത്രമേ സര്‍ക്കാരിനു പ്രവര്‍ത്തിക്കാനാവൂ. ഇക്കാര്യം നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്തതാണെന്ന് ഗിലാനി.

കോടതിയില്‍ ഹാജരാവാനുള്ള ഗിലാനിയുടെ തീരുമാനത്തെ ബെഞ്ച് അഭിനന്ദിച്ചു. നിയമത്തിന്‍റെ മേല്‍ക്കോയ്മയാണ് പ്രധാനമന്ത്രി കോടതിക്കു മുന്നില്‍ ഹാജരായതിലൂടെ സ്ഥാപിക്കപ്പെട്ടതെന്ന് ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ആസിഫ് ഖോസ. അതേസമയം പ്രസിഡന്‍റിനെതിരായ അഴിമതി കേസില്‍ അന്വേഷണം നടത്താനുള്ള മുന്‍ ഉത്തരവ് നടപ്പാക്കാത്തതില്‍ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു.

പാക് ഭരണഘടന അനുസരിച്ചും വിയന്ന കണ്‍വന്‍ഷന്‍ അനുസരിച്ചും പ്രസിഡന്‍റിന് ക്രിമിനല്‍ നടപടിയില്‍നിന്ന് പരിരക്ഷയുണ്ടെന്ന് ഗിലാനിയുടെ അഭിഭാഷകന്‍ ഐത്സാസ് അഹ്സാന്‍. സ്വിറ്റ്സര്‍ലാന്‍ഡില്‍ സര്‍ദാരിക്കെതിരായ പണം തട്ടിപ്പ് ആരോപണത്തിന്‍റെ വിവരങ്ങള്‍ ആരാഞ്ഞ് സ്വിസ് അധികൃതര്‍ക്കു കത്തെഴുതാനാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ വിയന്ന കണ്‍വന്‍ഷന്‍ അനുസരിച്ചു പരിരക്ഷയുള്ള സര്‍ദാരിക്കെതിരായ ആക്ഷേപത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ അവര്‍ക്കുമാവില്ലെന്ന് അഹ്സാന്‍.

പ്രസിഡന്‍റിന് പരിരക്ഷയില്ലെന്ന് തെളിയിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ സ്വിസ് അധികൃതര്‍ക്ക് എഴുതുമോയെന്ന് ബെഞ്ച് ആരാഞ്ഞു. ഇക്കാര്യം പരിശോധിക്കാന്‍ ഒരു മാസത്തെ സമയം വേണമെന്ന് അഹ്സാന്‍. എന്നാല്‍ അടുത്ത വാദം കേള്‍ക്കുന്ന ഒന്നിന് വിശദമായ പ്രതികരണം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഗിലാനി ഹാജരാവുന്നതു കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് സുപ്രീം കോടതി പരിസരത്ത് ഒരുക്കിയിരുന്നത്. നിരവധി മന്ത്രിമാരും കോടതി യിലെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.