പ്രസിഡന്‍റ് അസിഫ് അലി സര്‍ദാരിക്കെതിരേയുള്ള അഴിമതിക്കേസ് പുനരന്വേഷിക്കാന്‍ ആവശ്യപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡിന് കത്തയച്ചാല്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കെതിരേയുള്ള നടപടികള്‍ അവസാനിപ്പിക്കുമെന്ന് പാക് സുപ്രീം കോടതി. കോടതിയലക്ഷ്യ കേസില്‍ ഗിലാനി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള എട്ടംഗ ബെഞ്ചാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
കത്തയയ്ക്കുന്നതോടെ സ്വാഭാവികമായും കോടതിയലക്ഷ്യം ഇല്ലാതാകും. സര്‍ദാരിക്കെതിരേയുള്ള അഴിമതി ആരോപണത്തില്‍ ഉചിത നടപടികള്‍ എടുക്കാത്തതിന്‍റെ പേരില്‍ 13ന് ഹാജരാകാന്‍ സുപ്രീം കോടതി ഗിലാനിയോടു നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി ഇതിനെതിരേ അപ്പീല്‍ നല്‍കി. ഗിലാനിയുടെ പാര്‍ട്ടി പിപിപിയുടെ അധ്യക്ഷനാണ് കേസില്‍ ഉള്‍പ്പെട്ട സര്‍ദാരിയെന്നും ആരും നിയമത്തിനു മുകളില്ലല്ലെന്നും കോടതി ഓര്‍മിപ്പിച്ചു.
ആറു കോടി യുഎസ് ഡോളറിന്‍റെ കള്ളപ്പണ ഇടപാടാണ് സര്‍ദാരി നടത്തിയിരിക്കുന്നത്. സ്വിസ് അധികൃതര്‍ക്ക് ഒരു കത്തെഴുതിയാല്‍ ഈ തുക രാജ്യത്തെത്തിച്ചേരും. അപ്പീലിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ ഗിലാനിയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. 200 പേജുള്ള അപ്പീലില്‍ പ്രധാനമന്ത്രി ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് കാണിക്കാന്‍ 50 പോയ്ന്‍റുകളാണ് നിരത്തുന്നത്.സര്‍ദാരിക്കെതിരേ അഴിമതിക്കേസെടുക്കാന്‍ 2009 മുതല്‍ സുപ്രീം കോടതി ആവശ്യപ്പെട്ടുവരുകയാണ്. അതേസമയം, ഭരണഘടന പ്രകാരമുള്ള പ്രത്യേകാധികാരം നിലനില്‍ക്കുന്നതിനാല്‍ പ്രസിഡന്‍റിനെതിരേ കേസെടുക്കാനാകില്ലെന്ന നിലപാടില്ലാണ് സര്‍ക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല