കോടതിയലക്ഷ്യക്കേസില്‍ പാകിസ്താന് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്ക് കോടതി പിരിയും വരെ തടവുശിക്ഷ. കുറ്റം ആര് ചെയ്താലും കുറ്റമാണെന്ന നയത്തില്‍ പ്രതീകാത്മകമായ തടവ് വിധിച്ച കോടതി വിധിപ്രഖ്യാപനത്തിനുശേഷം ഉടനെ പിരിഞ്ഞതിനാല്‍ ഗീലാനിക്ക് 30 സെക്കന്‍ഡ് മാത്രമേ ശിക്ഷ അനുഭവിക്കേണ്ടി വന്നുള്ളൂ. ഇതേതുടര്‍ന്ന് ഞങ്ങള്‍ നീതി തേടി. എന്നാല്‍ കോടതിവിധി അനുചിതമാണ് എന്നാണ് ഗിലാനി വിധിയോട് പ്രതികരിച്ചത്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ഗീലാനിയുടെ അഭിഭാഷകന് അറിയിച്ചു. എന്നാല്‍, ശിക്ഷയുടെ പശ്ചാത്തലത്തില്‍ ഗീലാനി സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ നിര്‍ദേശത്തെ മനഃപൂര്‍വം അപമാനിച്ചതിനാല്‍ പ്രധാനമന്ത്രിയെ കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ഭരണഘടനയിലെ അനുച്ഛേദം 63(1) പ്രകാരം ഈ ശിക്ഷാവിധി ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് കോടതി മനസ്സിലാക്കുന്നു എന്നും ജസ്റ്റിസ് നസീറുള്‍ മുല്‍ക്ക് അധ്യക്ഷനായുള്ള ഏഴംഗ ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു. ആകെ 10 മിനിറ്റ് മാത്രമാണ് കോടതി നടപടി നീണ്ടുനിന്നത്. കോടതിയില്‍നിന്ന് ശിക്ഷ ഏറ്റുവാങ്ങുന്ന പാര്‍ലമെന്റംഗത്തെ അയോഗ്യനാക്കുന്നതിനുള്ള വ്യവസ്ഥയാണ് 63(1)-ലുള്ളത്. എന്നാല്‍ കോടതി ഈ വകുപ്പ് കേസില്‍ ബാധകമാണോയെന്ന് വ്യക്തമാക്കിയിട്ടില്ല.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം അനുസരിക്കാത്തിതിനാണ് കോടതി ഗീലാനിയെ ശിക്ഷിച്ചത്. പ്രസിഡന്റ് എന്ന നിലയില്‍ സര്‍ദാരിക്ക് കേസുകളില്‍ നിന്ന് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നായിരുന്നു ഗീലാനിയുടെ നിലപാട്. കോടതി ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ അയോഗ്യത നടപടി തുടങ്ങാമെന്ന് ഒരു വിഭാഗം നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ദേശീയ ജനസഭയുടെ സ്പീക്കര്‍ക്ക് ഇതിനായി 30 ദിവസത്തെ സാവകാശമുണ്ട്. അയോഗ്യനാക്കാനുള്ള തീരുമാനം പാര്‍ലമെന്റ് കൈക്കൊണ്ടാല്‍ പിന്നീട് 90 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പുകമ്മീഷന് ഗീലാനിയെ അയോഗ്യനാക്കാം.
രാവിലെ ചെറിയൊരു വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് ഗീലാനി സുപ്രീം കോടതിയിലെത്തിയത്. അവിടെ മന്ത്രിമാര്‍ അദ്ദേഹത്തെ കാത്തുനിന്നിരുന്നു. മകന് അബ്ദുള്‍ ഖാദര്‍ ഗീലാനി, ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് എന്നിവരോടൊപ്പം കോടതിയിലേക്ക് നടന്നുനീങ്ങിയ ഗിലാനിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ റോസാദളങ്ങള്‍ വിതറി യാത്രയാക്കി. 2000 സുരക്ഷാ ഭടന്മാരും ആകാശ നിരീക്ഷണം നടത്തുന്ന ഹെലികോപ്റ്ററുകളും ഗീലാനിയുടെ സുരക്ഷയ്ക്കെത്തിയിരുന്നു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള കേസുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന് 2009 മുതല്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം അവഗണിച്ചതില്‍ ഗിലാനിക്കെതിരായി മൂന്നുമാസമായി കോടതിയില്‍ കേസ് നടക്കുകയാണ്. മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫാണ് സര്‍ദാരിക്ക് അഴിമതിക്കേസുകളില്‍ പൊതുമാപ്പ് നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല