സ്വന്തം ലേഖകന്‍: സ്‌കൂളിലേക്ക് തോക്കുമായി വന്ന് അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവച്ചു കൊല്ലുമെന്ന് ഭീഷണിക്കത്ത്; അമേരിക്കയില്‍ പതിനൊന്ന് വയസുകാരി പിടിയില്‍. ഫ്‌ളോറിഡയിലെ ഡേയ്‌വിയിലാണ് സംഭവം. നോവ മിഡില്‍ സ്‌കൂളിലെ പതിനൊന്നു വയസ്സുകാരിയായ വിദ്യാര്‍ഥിനിയാണ് പിടിയിലായത്. വിദ്യാര്‍ഥിനി സ്വന്തം കൈപ്പടയിലെഴുതിയ കത്തും കണ്ടെടുത്തു. അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലിന് അടിയില്‍ വിദ്യാര്‍ഥിനി കത്ത് കൊണ്ടു പോയി വയ്ക്കുകയായിരുന്നെന്ന് ഡെയ്‌വി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ലോക്കല്‍ 10 ഡോട്ട് കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥി വാതിലിനടിയില്‍ കത്ത് കൊണ്ടുവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുള്ളതായും അധികൃതര്‍ പറഞ്ഞു. താന്‍ സ്‌കൂളില്‍ ഒരു തോക്ക് കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും കൊലപ്പെടുത്തുമെന്നും വിദ്യാര്‍ഥിനി കത്തില്‍ എഴുതിയിട്ടുണ്ട്. ഫെബ്രുവരി 16, 18 തിയതികളില്‍ തോക്ക് കൊണ്ടുവരുമെന്നാണ് എഴുതിയിരിക്കുന്നത്. തയ്യാറായി ഇരുന്നോളൂ എന്നും വിദ്യാര്‍ഥിനി കത്തില്‍ ചേര്‍ത്തിട്ടുണ്ട്. അധ്യാപകരെയും വിദ്യാര്‍ഥികളെയും അസഭ്യവാക്കുകള്‍ ഉപയോഗിച്ചാണ് കത്തില്‍ അഭിസംബോധന ചെയ്തിട്ടുള്ളത്.
പിടിക്കപ്പെട്ടതോടെ തെറ്റ് സമ്മതിക്കുന്ന കത്ത് വിദ്യാര്‍ഥിനി എഴുതി നല്‍കിയതായി പോലീസ് പറഞ്ഞു. കത്ത് അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ വാതിലിന് അടിയില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടത് മറ്റൊരു പെണ്‍കുട്ടിയാണ്. കത്ത് വെച്ചില്ലെങ്കില്‍ തന്റെ സുഹൃത്തിനെ കൊണ്ട് തല്ലിക്കുമെന്ന് അവള്‍ പറഞ്ഞിരുന്നതായും കുറ്റം സമ്മതിച്ചു കൊണ്ട് വിദ്യാര്‍ഥിനി എഴുതിയ കത്തില്‍ പറയുന്നുണ്ട്. അറസ്റ്റിലായ പെണ്‍കുട്ടിയെ ബ്രോവാര്‍ഡ് അസസ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല