സിസിടിവിയെക്കുറിച്ച് എല്ലാവരും കുറ്റംപറയും. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നാണ് എന്നാണ് എല്ലാവരുടെയും വാദം. എന്നാല്‍ അങ്ങനെയല്ലെന്നാണ് ചില സംഭവങ്ങളെങ്കിലും സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസംതന്നെയുണ്ടായ സംഭവം സിസിടിവികളുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്നതാണ്. അമേരിക്കയിലെ ജോര്‍ജ്ജിയായിലാണ് സംഭവം.
അവിടെത്തെ ഒരു വാള്‍മാര്‍ട്ടിന്റെ ഷോപ്പില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചയാളാണ് സൂപ്പര്‍മാര്‍ക്കറ്റിലെ ക്യാമറയില്‍ കുടുങ്ങിയത്. ഏഴു വയസുകാരി ബ്രിട്ട്നി ബാസ്റ്റനെയാണ് ഒരു യുവാവ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വാള്‍മാര്‍ട്ടിലെ പാവകളെ വില്‍ക്കുന്ന സ്ഥലത്തുനിന്നാണ് കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കുട്ടിയെ തട്ടിയെടുത്തയുടനെ ഇയാള്‍ വാപൊത്തി കുട്ടിയെ നിശ്ശബ്ദയാക്കി. അതിനുശേഷം കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ക്യാമറയില്‍ പതിയുകയായിരുന്നു. തട്ടിയെടുക്കാന്‍ ശ്രമിച്ചയാളുമായി താന്‍ അത്രയുംനേരം സംസാരിക്കുകയായിരുന്നുവെന്നും എന്നാല്‍ അമ്മയുടെ അടുത്തേക്ക് പോകാന്‍ ശ്രമിച്ചപ്പോഴാണ് തന്റെ വാപൊത്തി പൊക്കിയെടുത്തുകൊണ്ടു പോകാന്‍ ശ്രമിച്ചതെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്.
തന്നെ പൊക്കിയെടുത്ത ഉടന്‍തന്നെ കരയാന്‍ ശ്രമിച്ചെങ്കിലും വാപൊത്തി പിടിച്ചിരുന്നതിനാല്‍ ശബ്ദം പുറത്തേക്ക് വന്നില്ല. താന്‍ അയാളെ ചവിട്ടാനും ഇടിക്കാനുമൊക്കെ ശ്രമിച്ചിരുന്നു. എന്നിട്ടും അയാള്‍ തന്നെ താഴെ നിര്‍ത്തിയില്ലെന്നും കുട്ടി പറഞ്ഞു. കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച തോമ്മി വുഡ്സ് എന്ന ഇരുപത്തിയഞ്ചുകാരന്‍ ഒരു മണിക്കൂറിനുശേഷം അറസ്റ്റിലായി. എന്നാല്‍ താന്‍ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് അയാള്‍ പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല