സ്വന്തം ലേഖകന്‍: പശുവിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന യുവതി, ബിഹാറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരസ്യം വിവാദമാകുന്നു. സംസ്ഥാനത്ത് അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കേയാണ് ബിജെപിയുടെ പരസ്യം വിവാദമായത്. ഒരു യുവതി പശുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതിന്റെ ചിത്രവുമായാണ് ബി ജെ പി പത്രങ്ങളില്‍ പരസ്യം നല്‍കിയത്.
ബീഫ് വിവാദത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മൗനം ചോദ്യം ചെയ്യുകയാണ് പരസ്യത്തിന്റെ ലക്ഷ്യം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെട്ട വിശാല സഖ്യത്തിലെ നേതാക്കള്‍ പശുവിനെ കളിയാക്കി നടത്തുന്ന പ്രസ്താവനകളാണ് ബി ജെ പിയെ ചൊടിപ്പിക്കുന്നത്. എന്നാല്‍ വോട്ടെടുപ്പ് നടക്കുന്നതിന്റെ തൊട്ടുതലേന്ന് ബി ജെ പി ഇത്തരം ഒരു പരസ്യം നല്‍കിയത് സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്താനാണ് എന്ന് എതിരാളികള്‍ ആരോപിക്കുന്നു.
ബിഹാറില്‍ അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിന്റെ അവസാന ദിനമാണ് വ്യാഴാഴ്ച. ഇന്ന് വോട്ട് ചെയ്യാന്‍ പോകുന്നവര്‍ അധികവും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലുള്ളവരാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ബി ജെ പിക്കെതിരെ എതിരാളികള്‍ വര്‍ഗീയതാ ആരോപണം ഉന്നയിക്കുന്നത്.
ബിഹാറിലെ ജംഗിള്‍രാജും വികസനവുമായിരുന്നു ആദ്യ ഘട്ടങ്ങളില്‍ ബി ജെ പി പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വിഷയങ്ങളെങ്കില്‍ ഇപ്പോഴത് പശുവും പാകിസ്താനുമായി മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് ബി ജെ പിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് എതിരാളികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല