സ്വന്തം ലേഖകന്‍: നൈജീരിയയില്‍ 90 ഓളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി സൂചന. വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബെയിലെ ഗേള്‍സ് സ്‌കൂളില്‍നിന്നു നിരവധി പെണ്‍കുട്ടികളെ ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.
യോബെയിലെ ഡാപ്ചി ഗവണ്‍മെന്റ് ഗേള്‍സ് സയന്‍സ് സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച ബോക്കോ ഹറാം ഭീകരര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നു 91 പെണ്‍കുട്ടികളെ കാണാതായെന്നു രക്ഷിതാക്കളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
തോക്കുകള്‍ ഘടിപ്പിച്ച ട്രക്കിലാണു ഭീകരര്‍ സ്‌കൂളില്‍ എത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. തലങ്ങും വിലങ്ങും വെടിയുതിര്‍ത്ത ഭീകരരില്‍നിന്നു രക്ഷപ്പെടാന്‍ വിദ്യാര്‍ഥികളും അധ്യാപകരും നെട്ടോട്ടമോടി. കാണാതായ 91 പേരെയും തട്ടിക്കൊണ്ടുപോയതാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
ചിബോക് സ്‌കൂളില്‍നിന്ന് 2014ല്‍ 270 വിദ്യാര്‍ഥിനികളെ ഈ ഭീകരസംഘടന തട്ടിക്കൊണ്ടുപോയത് വന്‍കോളിളക്കം സൃഷ്ടിച്ചു. ഇവരില്‍ കുറേപ്പേര്‍ മോചിതരായി. എന്നാല്‍ ഇനിയും നൂറുപേര്‍ ഭീകരരുടെ കസ്റ്റഡിയിലുണ്ടെന്നാണു കണക്ക്. ഇതേസമയം ഡാപ്ചി സ്‌കൂളില്‍നിന്ന് ആരെയും തട്ടിക്കൊണ്ടുപോയതായി അറിവില്ലെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഭീകരരെ ഭയന്നു പല കുട്ടികളും സമീപ പ്രദേശങ്ങളിലേക്ക് ഓടിപ്പോയിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുന്നുണ്ട്. ഡാപ്ചി സ്‌കൂളിന് ഒരാഴ്ചത്തേക്ക് അവധി നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല