സ്വന്തം ലേഖകന്‍: ട്രംപ് അധികാരത്തിലേറിയതു മുതല്‍ അമേരിക്കയോട് ലോക രാജ്യങ്ങള്‍ക്ക് വലിയ മതിപ്പില്ലെന്ന് സര്‍വേ. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ചുമതലയേറ്റതു മുതല്‍ രാജ്യത്തോടുള്ള മറ്റ് രാജ്യങ്ങളുടെ താത്പര്യം കുറഞ്ഞതായി പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് വ്യക്തമാക്കുന്നത്. 25രാജ്യങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
റഷ്യ, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വന്‍ തോതില്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ടെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.റഷ്യ, ജര്‍മനി, മെക്സിക്കോ, കാനഡ, ജപ്പാന് എന്നീ രാജ്യങ്ങളാണ് ട്രംപ് ഭരണത്തെ ഏറെ വിമര്‍ശിച്ചത്. പ്രസിഡന്റ് വിവിധ വിഷയങ്ങളില്‍ സ്വീകരിച്ചു പോരുന്ന നിലപാടുകളാണ് ട്രംപിനോടുള്ള ഇഷ്ടക്കേടിന് കാരണമെന്നും സര്‍വേ സൂചിപ്പിക്കുന്നു.
റഷ്യയിലെ 26 ശതമാനം പേര്‍ക്ക് മാത്രമാണ് ട്രംപ് ഭരണകൂടത്തെ സംബന്ധിച്ച് നല്ല അഭിപ്രായമുള്ളു. കഴിഞ്ഞ വര്‍ഷം ഇത് 41 ശതമാനമായിരുന്നു. വിവിധ രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ പലനിരോധനങ്ങളും അവരുമായുള്ള നയതന്ത്ര ബന്ധത്തില്‍ ഉണ്ടായ ഉലച്ചിലുമെല്ലാം ട്രംപ് ഭരണത്തിന്റെ സ്വീകാര്യത കുറയുന്നതിന് കാരണമായെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ഉത്തരകൊറിയന്‍ ആണവനിരായുധീകരണ വിഷയത്തിലെ ട്രംപിന്റെ നിലപാടുകള്‍ പ്രശംസനേടിയിട്ടുമുണ്ട്. ദക്ഷിണകൊറിയന്‍ ജനത ട്രംപ് ഭരണത്തെ ഏറെ അനുകൂലിക്കുന്നവരാണ്. 44 ശതമാനം ദക്ഷിണ കൊറിയന്‍ ജനങ്ങളാണ് ട്രംപിന്റെ ഈ വിഷയത്തിലെ ഇടപെടലിനെ പ്രതീക്ഷയോടെ നോക്കിക്കാണുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇത് 17 ശതമാനം മാത്രമായിരുന്നു. ഇസ്രയേലിനും ട്രംപിന്റെ ഭരണത്തേക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല