ജിജി വരിക്കാശ്ശേരി
ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ യു.കെ പ്രോവിന്‍സിന്‍റെ ആറാമത് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകുന്നേരം ആറിന് കവന്‍ട്രി കോളോറി ക്ലബ് ഓഡിറ്റോറിയത്തിലാണ് ആഘോഷം. പ്രസിഡന്‍റ് സിറിള്‍ കൈതവേലിയുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി.
മുഖ്യാതിഥിയായ മുന്‍ മന്ത്രി മോന്‍സ് ജോസഫിനും ഗ്ലോബല്‍ ഭാരവാഹികള്‍ക്കും ഉജ്വല സ്വീകരണമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് സെക്രട്ടറി ജിജി വരിക്കാശ്ശേരി അറിയിച്ചു. ഇവരെ വേദിയിലേക്ക് ആനയിക്കുന്പോള്‍ മുത്തുക്കുടയും ചെണ്ടമേളവും താലപ്പൊലിയും അകന്പടിയാകും.
ഈശ്വരപ്രാര്‍ത്ഥനയ്ക്കുശേഷം ജിജി വരിക്കാശ്ശേരി സ്വാഗതം പറയും. സിറില്‍ കൈതവേലി അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനം മോന്‍സ് ജോസഫ് ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് കെ.എസ്. പ്രസാദ് നയിക്കുന്ന ബ്ലാക്ക് ആന്‍റ് വൈറ്റ് കോമഡി ഷോ നടക്കും. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഇതാദ്യമായാണ് യു.കെയില്‍ ഒരു സ്റ്റേജ് ഷോ സൗജന്യമായി സംഘടിപ്പിക്കുന്നത്.
യു.കെയിലെ യുവ വ്യവസായിയും സിനിമാ നിര്‍മാതാവും പുതിയ ടെലിവിഷന്‍ ചാനലായ റിപ്പോര്‍ട്ടറിന്‍റെ വൈസ് ചെയര്‍മാനുമായ ജോബി ജോര്‍ജ് തടത്തില്‍ ആണ് മുഖ്യ സ്പോണ്‍സര്‍. അലൈഡ് ജോയി, സിബി കണ്ടത്തില്‍ എന്നിവര്‍ ഗ്രാന്‍ഡ് സ്പോണ്‍സര്‍മാരാണ്.
സോജന്‍ ജോസഫ്, കോ ഓര്‍ഡിനേറ്റര്‍ പീറ്റര്‍ കല്ലിടാന്തിയില്‍, വൈസ് പ്രസിഡന്‍റ് സെബിന്‍ പാലാട്ടി, ട്രഷറര്‍ സണ്ണി മൈലാടുംപാറ, ഷാജി വാരാക്കുടി എന്നിവരും പരിപാടിയെക്കുറിച്ച് വിശദമാക്കി.
സ്റ്റേജ് ഷോയുടെ ഇടവേളയില്‍ മോന്‍സ് ജോസഫ് മുഖ്യ സ്പോണ്‍സര്‍ ജോബി ജോര്‍ജ് തടത്തിലിനെ പൊന്നാടയണിയിച്ചും ഗ്രാന്‍ഡ് സ്പോണ്‍സര്‍മാരെ മെമന്‍റോ നല്‍കിയും ആദരിക്കും.യു കെയിലെ മികച്ച അസ്സോസ്സിയേഷന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ലിമ്കയ്ക്കും പഠനത്തില്‍ മികവു പുലര്‍ത്തിയതിനു കിം തോമസ് ,ടെസ്സ തോമസ് എന്നീ വിദ്യാര്തികള്‍ക്കും ചടങ്ങില്‍ പുരസ്ക്കാരങ്ങള്‍ നല്‍കും.
പോലീസിന്‍റെയും സെക്യൂരിറ്റിയുടെയും വോളണ്ടിയര്‍മാരുടെയും സേവനം ഓഡിറ്റോറിയത്തില്‍ ഉണ്ടായിരിക്കും. കാര്‍ പാര്‍ക്കിംഗിന് പ്രത്യേക സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തോടു ചേര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച് ഫുഡ് സ്റ്റാള്‍ പ്രവര്‍ത്തിക്കും.
2011 നവംബറില്‍ ദുബായില്‍ നടക്കാനിരിക്കുന്ന ഗ്ലോബല്‍ മീറ്റ് 2011ന്‍റെ കിക്കോഫ് മോന്‍സ് ജോസഫ് പോള്‍ ഗോപുരത്തിങ്കലിന് ടിക്കറ്റ് നല്‍കി നിര്‍വഹിക്കും.
സ്റ്റേജ് ഷോയ്ക്കുവേണ്ടി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യുന്നതിന് ഭാരവാഹികളുമായി ബന്ധപ്പെടണം.വാര്‍ഷികാഘോഷങ്ങള്‍ വിജയിപ്പിക്കുന്നതിന് സിറില്‍ കൈതവേലിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല