1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2024

സ്വന്തം ലേഖകൻ: എണ്ണ ഉത്പാദനം വർധിപ്പിച്ച് ലോക വിപണിയിലേക്ക് കൂടുതല്‍ അളവില്‍ ക്രൂഡ് ഓയില്‍ എത്തിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു. ഇക്കാര്യത്തിൽ വ്യക്തമായ സൂചന നൽകിയിരിക്കുകയാണ് ട്രംപ്. സൗദി അറേബ്യ അടക്കമുള്ള എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഗൗരവത്തോടെയാണ് ട്രംപിന്റെ ഈ നീക്കത്തെ കാണുന്നത്.

ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. പ്രതിദിനം 21.91 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ അമേരിക്ക ഉത്പാദിപ്പിക്കുമ്പോള്‍ സൗദിയുടെ വിഹിതം 11.13 മില്യണ്‍ ബാരലാണ്. എന്നാൽ ലോക വിപണയിലെ ആകെ കയറ്റുമതിയുടെ 16.2 ശതമാനമാണ് സൗദി അറേബ്യയുടെ വിഹിതം. 8.16 ശതമാനമാണ് അമേരിക്കയുടെ കയറ്റുമതി വിഹിതം. റഷ്യ 9.14 ശതമാനം, കാനഡ 8.48 ശതമാനം എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

സൗദി അറേബ്യയുടെ മേധാവിത്തം അവസാനിക്കാന്‍ പോകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. കയറ്റുമതിയിലെ പ്രധാനികള്‍ എന്ന നിലയില്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിനെ നിയന്ത്രിക്കാൻ സൗദി അറേബ്യക്ക് സാധിച്ചിരുന്നു. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില കൂട്ടുന്നതിന് സൗദി അറേബ്യ തങ്ങളുടേതായ പദ്ധതികള്‍ ആവിഷ്കരിക്കുകയും ഒപെക്കിലൂടെ അത് നടപ്പിലാക്കാനും ശ്രമിക്കാറുണ്ട്. ഉത്പാദനം വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടേയുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി സൗദി അറേബ്യ നടത്താറുണ്ടായിരുന്നു. രാജ്യത്തിന്റെ നിലനിൽപ്പിന് ക്രൂഡ് ഓയിലില്‍ നിന്നുള്ള വരുമാനം സൗദി അറേബ്യയ്ക്ക് പ്രധാനമാണ്.

ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വരാന്‍ പോകുന്നതാണ് സൗദി അറേബ്യയ്ക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്. അമേരിക്കയ്ക്ക് പിന്നാലെ യുഎഇയും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കാനുള്ള നീക്കത്തിലാണ്. ജനുവരി മുതൽ കൂടുതൽ ബാരലുകൾ വിപണിയിലേക്ക് എത്തിക്കാനാണ് യുഎഇ അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ ഇറാഖും കസാക്കിസ്ഥാനും ഉത്പാദം വർധിപ്പിക്കാനും സാധ്യതയുണ്ട്. ഈ രാജ്യങ്ങൾ വലിയ തോതില്‍ ക്രൂഡ് ഓയില്‍ വിപണിയിലേക്ക് എത്തിക്കുകയാണെങ്കില്‍ വില ഗണ്യമായി കുറയും എന്ന കാര്യത്തിൽ സംശയമില്ല.

ഒപെക്കിന് പുറത്തുള്ള ബ്രസീൽ, കാനഡ, ഗയാന എന്നീ രാജ്യങ്ങളും അടുത്തിടെയായി ക്രൂഡ് ഓയില്‍ ഉത്പാദനം വലിയ തോതില്‍ വർധിപ്പിച്ചിട്ടുണ്ട്. ഇതും ഒപെക് രാഷ്ട്രങ്ങളുടെ വിപണി ഇടപെടല്‍ സ്വാധീനത്തെ കുറയ്ക്കുന്നതാണ്. എണ്ണ വിപണയില്‍ രാജ്യത്തിൻ്റെ സ്വാധീനം കുറയുന്നതിൽ സൗദി അറേബ്യന്‍ എണ്ണ വകുപ്പ് മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബ്രസീല്‍, ഗയാന ഉള്‍പ്പെടേയുള്ള രാജ്യങ്ങളില്‍ നിന്നും ഇന്ത്യ തന്നെ കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ്. എന്തായാലും എണ്ണ വിണിയിൽ സമൂലമായ മാറ്റത്തിനാകും ട്രംപിന്റെ രണ്ടാമത്തെ വരവ് വഴിതെളിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.