പൊതുവേ കുടിയേറ്റക്കാരോട് സ്വദേശിയര്‍ക്ക് അത്ര വലിയ മതിപ്പൊന്നും ഉണ്ടാകാറില്ല. ബ്രിട്ടന്റെ കാര്യത്തില്‍ ആണെങ്കില്‍ കുടിയേറ്റക്കാരെ എങ്ങനെയെങ്കിലും പുകച്ചു പുറത്തു ചാടിക്കണം എന്ന വിചാരവുമായി നടക്കുന്ന ഒരുകൂട്ടം ജനങ്ങളും ചില നേതാക്കളും ഉണ്ട് താനും. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സര്‍വ്വേ വ്യക്തമാക്കുന്നത് ആഗോള കുടിയേറ്റത്തെ ആളുകള്‍ പോസട്ടീവായി കാണാന്‍ തുടങ്ങി എന്നാണ്.
കുടിയേറ്റത്തോടുള്ള ആളുകളുടെ മനോഭാവത്തില്‍ കാതലായ മാറ്റം സംഭവിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് ട്രാന്‍സ്റ്ലാന്റിക് ട്രെന്‍ഡ്സ് നടത്തിയ സര്‍വേയിലാണ് വ്യക്തമാകുന്നത്. കുടിയേറ്റത്തെ കൂടുതല്‍ പോസിറ്റിവ് മനോഭാവത്തോടെ കാണാന്‍ ആളുകള്‍ക്ക് ഇപ്പോള്‍ കഴിയുന്നുണ്ടെന്നാണു വ്യക്തമായിരിക്കുന്നത്.
കുടിയേറ്റത്തിന്റെ ഗുണഫലങ്ങള്‍ ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. യുഎസ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്പെയ്ന്‍, യുകെ എന്നിവടങ്ങളെയാണ് സര്‍വേ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യുഎസില്‍ 56 ശതമാനം പേര്‍ക്കും യൂറോപ്യന്‍മാരില്‍ 52 ശതമാനം പേര്‍ക്കും കുടിയേറ്റത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസമാണുള്ളതെന്ന് ഇതില്‍ വ്യക്തമാകുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവരെ സ്വാഗതം ചെയ്യണമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ വരുന്നവര്‍ക്ക് സാംസ്കാരികമായി ഇഴുകിച്ചേരാന്‍ സാധിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
വിദ്യാഭ്യാസം കുറഞ്ഞ കുടിയേറ്റക്കാരെയും സ്വീകരിക്കാമെന്ന് അഭിപ്രായപ്പെട്ടത് 36 ശതമാനം അമേരിക്കക്കാരും 29 ശതമാനം യൂറോപ്യന്‍മാരുമാണ്. മിക്ക രാജ്യങ്ങളിലും ഉള്ളതിനെക്കാള്‍ കൂടുതല്‍ കുടിയേറ്റം നടക്കുന്നതായി ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നും സര്‍വേയില്‍ വ്യക്തമായി. ഉദാഹരണത്തിന് ബ്രിട്ടീഷുകാരുടെ വിചാരം അവിടത്തെ ജനങ്ങളില്‍ 32 ശതമാനം വിദേശികളാണെന്നാണ്. എന്നാല്‍, 11 ശതമാനം മാത്രമേ അവിടെ യാഥാര്‍ഥത്തില്‍ വിദേശികളുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല