സ്വന്തം ലേഖകൻ: മിഡില്‍ ഈസ്റ്റില്‍ ചൂട് വര്‍ധിക്കാന്‍ സാധ്യത. ഭൂമിയിലെ ഏറ്റവും കൂടുതല്‍ ചൂട് കൂടിയ സ്ഥലങ്ങളില്‍ മിഡില്‍ ഈസ്റ്റും ആഫ്രിക്കയും ഇതിനോടകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. വളരെയധികം ചൂട് കൂടുതലുള്ള വരണ്ട പ്രദേശങ്ങളാണിവിടെ കാണാന്‍ കഴിയുക. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലം വരും ദശകങ്ങളി ഇവിടങ്ങളിലെ ചില പ്രദേശങ്ങളിലെങ്കിലും വാസയോഗ്യമല്ലാതാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. താപനില 60 ഡിഗ്രി സെല്‍ഷ്യസിലെത്തുകയോ അല്ലെങ്കില്‍ അതിനും മുകളിലേക്ക് ഉയരാനോ സാധ്യതയുണ്ട്.
മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (എംഇഎന്‍എ) എന്നീ മേഖലയിലുടനീളം കാലാവസ്ഥ വ്യതിയാനം സാരമായി ബാധിക്കും. വിട്ടുമാറാത്ത ജലക്ഷാമം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീവ്രമായ കാലാവസ്ഥ വ്യതിയാനം മൂലം വരള്‍ച്ച പതിവാകുകയും ഭക്ഷണക്ഷാമം ഉണ്ടാകുകയും ചെയ്യും. താപനില വര്‍ധിക്കുന്നത് കൊണ്ട് തന്നെ മരണനിരക്ക് ഉയരുകയും ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ വളരെ വലിയ ആപത്ത് തന്നെയാണ് മിഡില്‍ ഈസ്റ്റില്‍ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.
2100 ആകുന്നതോടെ ഏതാണ്ട് 600 ദശലക്ഷം പ്രദേശവാസികള്‍ അതുമല്ലെങ്കില്‍ പ്രദേശത്തെ ജനസംഖ്യയുടെ പകുതിയും ഇതുമൂലം കഷ്ടത അനുഭവിക്കുമെന്നാണ് നേച്ചര്‍ ജേണലില്‍ വന്ന ഒരു പഠനത്തില്‍ പറയുന്നത്. ആഴ്ചകള്‍ തുടങ്ങി മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ചൂടായിരിക്കും ഉണ്ടാകുകയെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. മനുഷ്യരുടെ ജീവന്‍ താപനില ഉയരുന്നത് കൊണ്ട് തന്നെ അപകടസാധ്യതയിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു.
മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക നഗര കേന്ദ്രങ്ങള്‍ക്ക് പുറമെ മെഗാസിറ്റികളിലും ഉഷ്ണ തരംഗങ്ങള്‍ 60 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനുള്ള സാധ്യത ഞങ്ങള്‍ കാണുന്നു. ഇത് സമൂഹത്തിനെ വലിയ തോതില്‍ ഭീഷണിയായി മാറിയേക്കാം. ചുറ്റുമുള്ള കടലുകളില്‍ നിന്നുള്ള ബാഷ്പീകരണ തോതും അടുത്ത കാലത്ത് വര്‍ധിച്ചിരുന്നു. അതില്‍ നിന്നുള്ള വര്‍ധിച്ച ബാഷ്പീകരണ ഈര്‍പ്പം അപകടത്തിന്റെ ആക്കം കൂട്ടുമെന്നാണ് പഠനത്തിന്റെ പ്രധാന രചയിതാവായ ജോര്‍ജ് സിറ്റിസ് അല്‍ ജസീറയോട് പറഞ്ഞത്.
“വേനല്‍ക്കാലങ്ങളില്‍ ചൂടിന്റെ സമ്മര്‍ദ്ദം മനുഷ്യന് താങ്ങാന്‍ കഴിയുന്നതിന്റെ പരിധിയില്‍ എത്തും. അല്ലെങ്കില്‍ അതിനേക്കാള്‍ അധിധമായിരിക്കും. ചുരുങ്ങിയത് ഈ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിലോ അല്ലെങ്കില്‍ വേനല്‍ക്കാലങ്ങളിലെ മാസങ്ങളിലോ ഇങ്ങനെ സംഭവിക്കാം,“ സിറ്റിസ് പറഞ്ഞു.
ഗള്‍ഫ്, അറബിക്കടല്‍, ചെങ്കടല്‍ എന്നിവക്ക് ചുറ്റും പരന്നു കിടക്കുന്ന നഗര പ്രദേശങ്ങളായ ദുബായ്, അബുദാബി, ദോഹ, ദഹ്രാന്‍, ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളിലെല്ലാം തന്നെ എപ്പോഴും താപനില കഠിനമായ തോതിലായിരിക്കും കാണപ്പെടുക. ലോക ബാങ്കിന്റെ അഭിപ്രായ പ്രകാരം, നഗരങ്ങളില്‍ ചൂട് വര്‍ധിക്കുന്നതോടെ ദ്വീപ് പ്രഭാവം അനുഭവപ്പെട്ട് തുടങ്ങും. മിഡില്‍ ഈസ്റ്റിലെ മിക്ക തലസ്ഥാന നഗരങ്ങളിലും വര്‍ഷത്തില്‍ നാല് മാസങ്ങളില്‍ കഠിനമായ ചൂടുള്ള ദിവസങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല