![](http://www.nrimalayalee.com/wp-content/uploads/2023/11/Screenshot-2023-11-30-182906-640x360.png)
സ്വന്തം ലേഖകൻ: പുതുക്കിയ അക്കൗണ്ട് നയത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തിലേറെയായി ഉപയോഗിക്കാതിരുന്ന അക്കൗണ്ടുകൾ ഡിസംബർ ഒന്ന് മുതൽ നീക്കം ചെയ്യുമെന്ന് ഗൂഗിൾ. ഈ വർഷം മെയ് മാസത്തിലാണ് പുതുക്കിയ അക്കൗണ്ട് നയം ഗൂഗിൾ പ്രഖ്യാപിച്ചത്.
ഇതുപ്രകാരം ജിമെയിൽ, ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, യൂട്യൂബ്, എന്നിവയിൽ സ്റ്റോർ ചെയ്തിരിക്കുന്ന വിവരങ്ങളടക്കം, നിഷ്ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിൾ നീക്കം ചെയ്യും.
ഇത്തരത്തിൽ നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ നീക്കത്തിന് കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഇവയിൽ പഴയതും പലരും പതിവായി ഉപയോഗിച്ചിരുന്നതുമായ പാസ്വേഡുകൾ ഉണ്ടാവാനാണ് സാധ്യത.
കൂടാതെ ടു ഫാക്ടർ ഒതന്റിക്കേഷൻ പോലുള്ള സുരക്ഷ സംവിധാനങ്ങളും ഉപയോഗിക്കാനുള്ള സാധ്യതയും കുറവാണ്. ഇത്തരത്തിലുള്ള അക്കൗണ്ടുകളുടെ എണ്ണം ആക്ടീവ് അക്കൗണ്ടുകളെക്കാൾ കൂടുതലാണെന്ന് ഗൂഗിൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ പോകുന്നുവെന്ന് ഇവയുടെ ഉടമകൾക്ക് മെസേജ് അയയ്ക്കും. ഇതിന് കൃത്യമായ പ്രതികരണം ലഭിച്ചില്ല എങ്കിൽ ഒരു മാസത്തിനകം അക്കൗണ്ടുകൾ നീക്കം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല