1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2023

സ്വന്തം ലേഖകൻ: വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് (ഗോ എയർ) പാപ്പര്‍ അപേക്ഷയുമായി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന് മേയ് മൂന്ന്, നാല്, അഞ്ച്‌ തീയതികളിലെ എല്ലാ സർവീസുകളും കമ്പനി റദ്ദാക്കി.

​ഗോ എയർ സർവീസിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ മുഴുവൻ പണവും തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കൾ പണം അടച്ച രീതിയിൽ തന്നെ പണം തിരികെ നൽകും. തങ്ങളാൽ കഴിയുന്ന എല്ലാ സഹകരണവും നൽകാൻ തയ്യാറാണെന്നും കമ്പനി വ്യക്തമാക്കി. കമ്പനി വെബ്സെെറ്റിൽ നിന്നും ആപ്പുകളിലൂടെയും ടിക്കറ്റെടുത്തവര്‍ക്ക്‌ അതാത് അക്കൗണ്ടുകളിലേക്ക് പണം മടക്കിനല്‍കും.

നിലവിലെ പ്രതിസന്ധിയിൽ ടിക്കറ്റ് തുക തിരികെ നൽകുന്നത് മാത്രമാണ് സാധ്യമാവുകയെന്ന് എയർലെെൻസ് അറിയിച്ചു. മറ്റ് എയർലെെനുകളിലേക്ക് ടിക്കറ്റ് മാറ്റി നിശ്ചയിക്കാനാവില്ല. ടിക്കറ്റ് ലഭ്യതയിൽ അനിശ്ചിതത്വമുള്ളതിനാൽ മറ്റ് തീയതികളിലേക്ക് പുനഃക്രമീകരിക്കാനാവില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

എൻ.സി.എൽ.ടി. അപേക്ഷ അംഗീകരിച്ചാൽ സർവീസുകൾ പുനരാരംഭിക്കും. ഇക്കാര്യം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ.) അറിയിച്ചിട്ടുണ്ട്. പാപ്പര്‍
അപേക്ഷ നൽകാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നു. കമ്പനിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അത് അത്യാവശ്യമായിരുന്നെന്ന് കമ്പനി സി.ഇ. ഒ. കൗശിക് ഖോന പറഞ്ഞു.

പ്രതിസന്ധിക്ക് കാരണം എൻജിൻ വിമാനത്തിന്റെ എൻജിൻ ലഭ്യമാക്കുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്‌റോ എൻജിൻ വീഴ്ചവരുത്തിയതാണ് ഗോ ഫസ്റ്റിനെ വലിയ പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങൾ പറക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ഇതിൽ 25 എണ്ണവും എൻജിനില്ലാത്തതുകൊണ്ടാണ്.

2019 ഡിസംബറിൽ പ്രാറ്റ് ആൻഡ് വിറ്റ്നി നൽകിയ എൻജിനുകളിൽ ഏഴ്‌ ശതമാനം മാത്രമായിരുന്നു തകരാറിലായത്. 2020 ഡിസംബറിലിത് 31 ശതമാനമായും 2022 ഡിസംബറിൽ 50 ശതമാനമായും കൂടി. പുതിയ എൻജിൻ സമയബന്ധിതമായി ലഭ്യമാക്കാമെന്ന ഉറപ്പുകളും ലംഘിക്കപ്പെട്ടു. ഇത് ഗോ ഫസ്റ്റിന്റെ പണലഭ്യതയെ ബാധിച്ചു. അടുത്ത മൂന്നുനാലു മാസങ്ങളിൽ കൂടുതൽ എൻജിനുകൾ തകരാറിലാകാനുള്ള സാധ്യത നിലനിൽക്കുന്നു.

ഈ സാഹചര്യത്തിൽ കമ്പനി പൂട്ടൽഭീഷണിയിലാണെന്നും എത്രയുംവേഗം ആർബിട്രേഷൻ വിധി പ്രകാരം എൻജിനുകൾ ലഭ്യമാക്കുന്നതിന് നിർദേശിക്കണമെന്നും കാണിച്ച് അമേരിക്കയിലെ ഡെലാവേർ ഫെഡറൽ കോടതിയിൽ ഗോ ഫസ്റ്റ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. എണ്ണക്കമ്പനികൾക്ക് വ്യോമയാന ഇന്ധനവിലയിനത്തിൽ നൽകാനുള്ള തുക കുടിശ്ശികയായതും സർവീസുകൾ നിർത്തിവെക്കാൻ കാരണമായി.

ഗോ ഫസ്റ്റ് പാപ്പരത്ത നടപടിക്ക് അപേക്ഷ നൽകുന്നതിനെക്കുറിച്ച് വായ്പ നൽകിയിട്ടുള്ള ബാങ്കുകൾക്ക് ധാരണയുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഭാവി നടപടികൾ സംബന്ധിച്ച് ഇവർ ഉടൻ കമ്പനിയുമായി ചർച്ചകൾ നടത്തിയേക്കും. സേവനം മുന്നോട്ടുകൊണ്ടുപോകാൻ കമ്പനിയിൽ കൂടുതൽ നിക്ഷേപം നടത്താൻ കഴിയുന്ന പങ്കാളികളെ തേടുന്നതിനിടയിലാണ് പാപ്പരത്ത നടപടിക്ക് അപേക്ഷിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.