സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് റദ്ദാക്കിയ ഗോ ഫസ്റ്റ് എയർ വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്തിരുന്ന പ്രവാസികളുടെ പണം ഇതുവരെയും തിരിച്ചു കിട്ടിയില്ല. ഇതുമൂലം മലയാളികളടക്കം ഒട്ടേറെ പ്രവാസികൾ പ്രതിസന്ധിയിലായി. പലരും നാലും അഞ്ചും പേരടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാനായിരുന്നു നല്ലൊരു സംഖ്യ ചെലവഴിച്ച് ടിക്കറ്റുകൾ എടുത്തത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ടിക്കറ്റെടുത്തവരാണ് ആശങ്കയിൽ കഴിയുന്നത്.
ജൂൺ 30ന് പ്രശ്നങ്ങൾ തീർന്ന് ഗോ ഫസ്റ്റ് എയർ പുനരാരംഭിക്കുമെന്നും വൈകാതെ പണം തിരിച്ചുനൽകുമെന്നുമായിരുന്നു അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. ഈ മാസം ആറ് വരെയാണ് സർവീസ് റദ്ദാക്കിയതെന്ന് പിന്നീട് ട്വീറ്റ് ചെയ്തു. ഏറ്റവുമൊടുവിൽ 10 വരെയെന്നും അറിയിച്ചു.
മുൻപ് ഗോ എയർ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് പാപ്പരത്വ നടപടികളിലേയ്ക്ക് നീങ്ങുന്നതിനാൽ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്. റെസല്യൂഷൻ പ്രഫഷണൽ (ആർപി) ഭാഗത്ത് നിന്ന് ശുഭസൂചനകളുണ്ടാകുന്നുണ്ടെങ്കിലും പാപ്പരത്വ നടപടികള്‍ തുടരുന്നതും പുനരാരംഭിക്കുന്നു എന്ന് പറയുന്ന തീയതികൾ മാറ്റിക്കൊണ്ടിരിക്കുന്നതും ഇതിൽ ടിക്കറ്റെടുത്തവരിൽ ആശങ്കയുയർത്തുന്നു.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എയർലൈൻ പ്രവർത്തനം പുനരാരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അനുമതി നൽകിയേക്കാമെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി മൂലം ഈ വർഷം മേയ് മൂന്ന് മുതലായിരുന്നു ഗോ ഫസ്റ്റ് എയർ കണ്ണൂരിലേയ്ക്ക് അടക്കം സർവീസ് നിർത്തിയത്. ജൂണ്‍ 28ന് വീണ്ടും സർവീസ് തുടങ്ങുമെന്ന് പ്രസ്താവനയും പുറത്തുവന്നു. യാത്രാ തടസം നേരിട്ടവർക്ക് വേണ്ട സഹായം നൽകുമെന്നും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരുടെ പണം ഉടൻ തിരിച്ചു നൽകുമെന്നും അന്ന് അധികൃതർ പറഞ്ഞു.
എന്നാൽ, പണം ഇതു വരെ മിക്കവർക്കും കിട്ടിയില്ലെന്ന് മാത്രമല്ല, അധികൃതരുടെ ഭാഗത്ത് നിന്ന് പലർക്കും മറുപടി പോലും ലഭിക്കുന്നില്ലെന്നാണ് വ്യാപക പരാതി. പിന്നീട് ഒട്ടേറെ തവണ വിമാനങ്ങളുടെ സർവീസ് റദ്ദാക്കൽ നീട്ടി. മേയ് ആദ്യം എയർലൈൻ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ നൽകിയിരുന്നു, അതിനുശേഷം പ്രവർത്തനങ്ങൾ സ്തംഭിക്കുകയായിരുന്നു.
യാത്രക്കാർ എയർലൈൻസ് ഓഫീസിനെ സമീപിച്ചപ്പോൾ പണം ട്രാവൽ ഏജൻസിയുടെ വാലെ അക്കൗണ്ടിലേയ്ക്ക് നൽകിയിട്ടുണ്ടെന്നായിരുന്നു മറുപടി. പക്ഷേ, അത് തങ്ങൾക്ക് എടുക്കാൻ കഴിയില്ലെന്നും വിമാന സർവീസ് പുനരാരംഭിച്ച് വേറെ ആരെങ്കിലും ടിക്കറ്റെടുത്താൽ ആ തുക വാങ്ങി തരാനേ കഴിയൂ എന്നാണ് ട്രാവൽ ഏജൻസിക്കാര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല