1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2017

സ്വന്തം ലേഖകന്‍: ഗോവയിലും പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരം, ഗോവയില്‍ 83 ഉം പഞ്ചാബില്‍ 73 ഉം ശതമാനം പോളിംഗ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കംകുറിച്ച് പഞ്ചാബും ഗോവയും ശനിയാഴ്ച വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഒരിടത്തം കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

എന്നാല്‍ വോട്ടിങ് മെഷീനുകള്‍ തകരാറിലായതിനെ തുടര്‍ന്ന് പഞ്ചാബില്‍ പലയിടത്തും വോട്ടെടുപ്പ് തടസ്സപ്പെട്ടു. 150 ഓളം വോട്ടിങ് മെഷീനുകള്‍ തകരാറിലായതായി പരാതി ലഭിച്ചെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ചിലയിടത്ത് വിവിപാറ്റ് യന്ത്രങ്ങളും തകരാറിലായി. പഞ്ചാബിലെ തരണ്‍തരണ്‍ ജില്ലയില്‍ അകാലി ഗ്രാമമുഖ്യന്‍ നടത്തിയ വെടിവെപ്പില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, അകാലിദള്‍ നേതാവും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദല്‍, കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവര്‍ ലംബി നിയമസഭാ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. ഒറ്റപ്പെട്ട അക്രമ സംഭവങ്ങളൊഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ഗോവയില്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍ ഉത്തര ഗോവയിലെ അരമ്പോയിലും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്ത് മഡ്ഗാവിലും ആപ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എല്‍വിസ് ഗോമസ് പനാജിയിലും വോട്ട് രേഖപ്പെടുത്തി.

പനാജി സിറ്റിയില്‍ പോളിങ് ബൂത്തിനുപുറത്ത് വോട്ട് ചെയ്യാനായി കാത്തുനിന്ന 78 കാരന്‍ ഹൃദയാഘാതംമൂലം മരിച്ചു. ഗോവയും പഞ്ചാബും ചരിത്രമെഴുതുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. സത്യസന്ധമായ രാഷ്ട്രീയത്തിനാകണം വോട്ടെന്ന് അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടിരുന്നു. വര്‍ഗീയതക്കെതിരെ സ്ഥിരതക്കുള്ള വോട്ടാണ് പഞ്ചാബിലേതെന്ന് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ് അഭിപ്രായപ്പെട്ടു.

വികസനപാതയില്‍ തിരികെയത്തൊന്‍ കോണ്‍ഗ്രസിന്റെ പരിചയ സമ്പത്ത് പഞ്ചാബിലെ ജനതക്ക് ആവശ്യമാണെന്ന് പറഞ്ഞ അമരീന്ദര്‍ പാര്‍ട്ടി വന്‍വിജയത്തോടെ സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.