സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ജീവനക്കാരന്റെ കരണത്തടിച്ച ഗോവയിലെ ഗ്രാമ വികസന മന്ത്രി രാജിവച്ചു. ഗോവ വികാസ് പാര്‍ട്ടിയുടെ നേതാവായ മിക്കി പച്ചേക്കോയാണ് രാജി നല്‍കിയത്. നേരത്തെ കേസില്‍ പച്ചേക്കോ ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ശിക്ഷ സുപ്രിം കോടതി ശരി വച്ചതിനെ തുടര്‍ന്നാണ് രാജി.
മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍ശേഖറിന് രാജിക്കത്ത് അയച്ച പച്ചേക്കോ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് തലവേദന സൃഷ്ടിക്കാതിരിക്കാനാണ് തന്റെ രാജിയെന്ന് വ്യക്തമാക്കി. പച്ചേക്കോയുടെ രാജി സ്വീകരിച്ചതായി അറിയിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചു.
ഗോവ വികാസ് പാര്‍ട്ടി അംഗമായ പച്ചേക്കോ കഴിഞ്ഞ നവംബറില്‍ മനോഹര്‍ പരീക്കര്‍ കേന്ദ്രത്തിലേക്ക് മാറിയതോടെയാണ് പകരക്കാരനായി മന്ത്രിസഭയിലെത്തിയത്. നുവെം സെഗ്‌മെന്റിലെ ജനപ്രതിനിധിയാണ്. 2006 ജുലായില്‍ 15 നു സംസ്ഥാന വൈദ്യുതി വകുപ്പിലെ ജൂനിയര്‍ എഞ്ചിനിയറായ കപില്‍ നടേക്കറെ ഓഫീസില്‍ അതിക്രമിച്ചുകയറി കരണത്തടിക്കുകയായിരുന്നു പച്ചേക്കോ.
കേസില്‍ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരുന്നു. ആറുമാസത്തെ തടവാണ് പച്ചേക്കോക്ക് ലഭിച്ചത്. പിന്നീട് സുപ്രിം കോടതിയില്‍ സ്റ്റേ നേടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. ഹൈക്കോടതി വിധിക്കതിരെ പച്ചേക്കോ സമര്‍പ്പിച്ച പ്രത്യേക അവധി അപേക്ഷ സുപ്രീം കോടതി ഈ ആഴ്ച തള്ളിയതോടെയാണ് പച്ചേക്കോ രാജി സമര്‍പ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല