
സ്വന്തം ലേഖകൻ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കഴിവുള്ള ബിരുദധാരികളെ ജോലിക്കെടുക്കാനായി യു.എസ്. കമ്പനികള്‍ക്ക് ഗോള്‍ഡ് കാര്‍ഡുകള്‍ വാങ്ങാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
50 ലക്ഷം ഡോളര്‍ അഥവാ 43.5 കോടി ഇന്ത്യന്‍ രൂപ നല്‍കി യു.എസ്. പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോള്‍ഡ് കാര്‍ഡുകള്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ വാഗ്ദാനം. ഇന്ത്യയ്ക്ക് പുറമെ ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരേയും ഗോള്‍ഡ് വിസ വാങ്ങി ജോലിക്കെടുക്കാമെന്ന് ട്രംപ് പറഞ്ഞു.
‘ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹാര്‍വാര്‍ഡും വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ഫിനാന്‍സും പോലുള്ള ഇടങ്ങളില്‍ പഠിക്കാന്‍ പോയി ഒന്നാമനായി ബിരുദം നേടുന്നു. പിന്നാലെ അവര്‍ക്ക് ജോലി വാഗ്ദാനം ലഭിക്കുന്നു. എന്നാല്‍ അവര്‍ക്ക് യു.എസ്സില്‍ തുടരാന്‍ കഴിയുമോ എന്നറിയാത്തതിനാല്‍ നിങ്ങള്‍ ഉടനടി ആ വാഗ്ദാനം പിന്‍വലിക്കുന്നു.’ -ട്രംപ് ബുധനാഴ്ച പറഞ്ഞു.
‘നമുക്ക് ഉദ്പാദനക്ഷമതയുള്ള, മികച്ച ആളുകളെയാണ് വേണ്ടത്. അഞ്ച് മില്യണ്‍ ഡോളര്‍ നല്‍കാന്‍ കഴിയുന്നവര്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പോകുകയാണ്.’ -ട്രംപ് വ്യക്തമാക്കി.
അതിസമ്പന്നരായ വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം അനായാസം ലഭിക്കാന്‍ അവസരമൊരുക്കുന്ന ഗോള്‍ഡ് കാര്‍ഡ് പദ്ധതി കഴിഞ്ഞദിവസമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. പദ്ധതിയുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം പുറത്തുവിടും. വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്ന പത്ത് ലക്ഷം ഗോള്‍ഡ് കാര്‍ഡുകള്‍ വിറ്റഴിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല