1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2025

സ്വന്തം ലേഖകൻ: അതിസമ്പന്നരായ വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം അനായാസം ലഭിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഞ്ച് മില്യണ്‍ അമേരിക്കൻ ഡോളര്‍ (43.5 കോടി ഇന്ത്യന്‍ രൂപ) ചെലവഴിച്ചാല്‍ പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോള്‍ഡ് കാര്‍ഡ് പദ്ധതിയാണ് ട്രംപ് നടപ്പാക്കാനൊരുങ്ങുന്നത്.

പദ്ധതിയുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം പുറത്തുവിടും. വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്ന പത്ത് ലക്ഷം ഗോള്‍ഡ് കാര്‍ഡുകള്‍ വിറ്റഴിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു. വന്‍തുക നിക്ഷേപിച്ചാല്‍ അമേരിക്കയില്‍ ജോലി ലഭിക്കുകയും തുടര്‍ന്ന് രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതിയും ലഭിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കന്‍ വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്കുള്ള ഇ.ബി 5 പദ്ധതിക്ക് പകരമായാണ് ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കുന്നത്.

അഞ്ച് മില്യണ്‍ അമേരിക്കന്‍ ഡോളറായിരിക്കും കാര്‍ഡിന്റെ വില. കാര്‍ഡുള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. തുടര്‍ന്ന് അവര്‍ക്ക് പൗരത്വത്തിലേക്കുള്ള വഴി തെളിയും. അതിസമ്പന്നര്‍ക്ക് ആ കാര്‍ഡ് വാങ്ങുന്നതിലൂടെ നമ്മുടെ രാജ്യത്തേക്ക് വരാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു. റഷ്യക്കാര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങാന്‍ കഴിയുമോ എന്ന ചോദ്യത്തിനും ട്രംപ് മറുപടി നല്‍കി. ‘റഷ്യയിലെ പ്രഭുക്കന്മാര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങാം. ഇത്തരം പ്രഭുക്കന്മാര്‍ വളരെ നല്ല വ്യക്തികളാണ്’, ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.