സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിയ്ക്കുന്നു. വെള്ളിയാഴ്ച പവന് 24,000 രൂപ കടന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. പവന് 280 രൂപ കൂടി 24,160 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 3020 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതാണ് മാര്‍ക്കറ്റിലെ വിലക്കയറ്റത്തിനു കാരണം.
കഴിഞ്ഞആഴ്ച നാലുതവണയാണ് സ്വര്‍ണം റെക്കോഡ് പുതുക്കിയത്. ദിവസങ്ങളായി മുന്നേറ്റം തുടരുന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച നേരിയ ഇടിവുണ്ടായിരുന്നു. പവന് 160 രൂപ കുറഞ്ഞ് 23,440 രൂപയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇരട്ടിയോളം ഉയര്‍ന്ന് പുതിയ ഉയരത്തിലെത്തി.
വില കുത്തനെ ഉയരാനുള്ള സാധ്യത നിക്ഷേപകരെ വിപണിയില്‍ സജീവമായി രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചതാണ് 24000 രൂപയെന്ന നാഴികക്കല്ല് കടക്കാന്‍ സ്വര്‍ണത്തെ സഹായിച്ചത്. വിവാഹ സീസണ്‍ തുടങ്ങിയതിനാല്‍ ജ്വല്ലറികളും സ്വര്‍ണ ശേഖരം ഉയര്‍ത്തി.
അതേസമയം ആവശ്യം വര്‍ധിക്കുന്നതിനനുസരിച്ച് സ്വര്‍ണത്തിന്റെ ലഭ്യത കൂടാത്തതും വിലവര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്. ആഗോള സ്വര്‍ണ വിപണി പ്രതിവര്‍ഷം 3700-3800 ടണ്ണിന്റേതാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ ഖനികളില്‍ നിന്ന് ലഭിക്കുന്നത് 2500 ടണ്ണോളമാണ്. പഴയ സ്വര്‍ണത്തിന്റെ കൈമാറ്റമാണ് പിന്നെ നടക്കുന്നത്.
ചെലവേറിയതിനാല്‍ ഉത്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സ്വര്‍ണഖനികള്‍. ഭൂമിക്കടിയില്‍ ആകെയുള്ളത് 50,000 ടണ്‍ സ്വര്‍ണം മാത്രമാണെന്നാണ് ശാസ്ത്രജ്ഞരുടെ ഗവേഷണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല