സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സമയമാകുമ്പോൾ പുറത്തുവിടുമെന്നും സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. എം.ശിവശങ്കറിനെതിരെയും തെളിവുകളുണ്ട്. ആത്മകഥയുടെ രണ്ടാം ഭാഗത്തിൽ ന്യൂക്ലിയർ ബോംബുണ്ടാകുമെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
‘‘എം.ശിവശങ്കറിന്റെ പുസ്തകത്തിൽനിന്നാണ് ആത്മകഥയെഴുതാനുള്ള ആശയം ലഭിച്ചത്. വ്യാജമായ ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഉണ്ടായിരുന്നു. എന്നെയും പൊതുജനത്തെയും വഞ്ചിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹം എഴുതിയപോലെയല്ല ഞാൻ പുസ്തകം രചിച്ചത്. എന്റെ ആത്മാവിലും ജീവിതത്തിലും കുഞ്ഞിലേ മുതൽ നടന്ന കുറെ സംഭവങ്ങളാണ് എഴുതിയത്. ഞാൻ ജയിലിൽ കിടന്നപ്പോൾ എന്റെ കുടുംബാംഗങ്ങൾ കുറെ ചൂഷണം നേരിട്ടു.
കുടുംബം ഏറെ ചീത്തപ്പേര് കേൾക്കേണ്ടി വന്നു. സ്വപ്ന സുരേഷിനെ വൃത്തികെട്ട രീതികളിൽ ചിത്രീകരിക്കാൻ തുടങ്ങി. തിരഞ്ഞെടുപ്പ് സമയത്തു പ്രതിപക്ഷ പാർട്ടികൾ എന്നെക്കുറിച്ചു മോശമായി സംസാരിച്ചു. സ്ത്രീയെന്നോ അമ്മയെന്നോ മകളെന്നോ സഹോദരിയെന്നോ ഉള്ള പരിഗണനപോലും എവിടെനിന്നും ലഭിച്ചില്ല. സത്യം എന്താണെന്നു തുറന്നു പറയേണ്ടതു ധാർമിക ഉത്തരവാദിത്തമാണെന്നു കരുതി. അതിനാലാണു പുസത്കം എഴുതിയത്.
തീർച്ചയായും ഇതൊരു സമ്പൂർണ പുസ്തകമല്ല. ഇനിയും കൂടുതൽ വരാനുണ്ട്, പറയാനുണ്ട്. ഇതുവരെയുള്ള ധാരണകളോ തെറ്റിദ്ധാരണകളോ മാറ്റാൻ, യഥാർഥസത്യം ജനത്തെ അറിയിക്കാൻ പുസ്തകത്തെ മാധ്യമമാക്കി മാറ്റുകയായിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി നിമിഷങ്ങൾകൊണ്ടു പദ്ധതികളുണ്ടാക്കുന്ന, എന്തും വളച്ചൊടിക്കുന്ന വ്യക്തിയായ ശിവശങ്കറിനു പുസ്തകത്തിലൂടെ കള്ളം പറയാനൊക്കെ എളുപ്പമാണ്’’– സ്വപ്ന പറഞ്ഞു.
അതിനിടെ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും എതിരെ ഗുരുതരമായ ആരോപണവുമായി നയതന്ത്ര സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ്. ‘മനോരമ ന്യൂസി’നു നൽകിയ അഭിമുഖത്തിലാണ് സ്വപ്നയുടെ ആരോപണം. ഇരുവരെയും കുറിച്ചുള്ള ചോദ്യത്തിന് ‘വുമണൈസര്‍’ എന്നായിരുന്നു സ്വപ്നയുടെ പ്രതികരണം.
‘‘വുമണൈസര്‍, പതെന്റിക്, ചൈൽഡിഷ്, ചീപ്പ്, ഫ്രസ്ട്രേറ്റഡ്, ജെന്റിൽമാൻ. മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് എങ്ങനെയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാനാകുന്നത്. പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ മന്ത്രിമാരുടെ ഫോണുകൾ നിരീക്ഷിക്കണം. ശ്രീരാമകൃഷ്ണനൊക്കെ ഫ്രസ്ട്രേറ്റഡ് ആണ്’’.
‘‘പരസ്യമായി പെണ്ണുപിടിക്കാനും അവരുടെ ലൈംഗിക താൽപര്യങ്ങൾ നിറവേറ്റാനും നാട്ടിൽ തന്നെ ഒരു പ്ലാറ്റ്ഫോം തുറന്നുകൊടുക്കണം. അല്ലെങ്കില്‍ പാവപ്പെട്ട സ്ത്രീകൾ ജോലി അന്വേഷിച്ചു പോകുമ്പോൾ, പണം ഇല്ലാത്ത പെണ്ണുങ്ങൾ ആണെങ്കിൽ കൂടെക്കിടക്കാൻ വിളിക്കും. ഞാന്‍ ശക്തമായ ഒരു പദവിയിൽ ഇരുന്നിട്ടും എന്നെ ഈ രീതിയിൽ സമീപിച്ചു. അപ്പോൾ സാധാരണ സ്ത്രീകളെയും പെൺകുട്ടികളെയും കുറിച്ച് ആലോചിച്ചുനോക്കൂ. ദയനീയമാണ്’’– അവർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല