സ്വന്തം ലേഖകന്‍: തൃശൂര്‍ വാരിക്കാട്ടില്‍ മൊയ്തീന്റെ കുടുംബത്തിന് 30 പവന്റെ സ്വര്‍ണമുണ്ട്, പക്ഷെ ദേഹത്തിട്ടാല്‍ ഉടന്‍ സ്വര്‍ണം നിറം മാറും.
മുപ്പത് പവന്റെ ആഭരണങ്ങളുണ്ടായിട്ടും അത് ധരിക്കാനാകാത്ത ദുഃഖത്തിലാണ് മൊയ്തീന്റെ കുടുംബം. മെര്‍ക്കുറിയുടെ സാന്നിധ്യമാണ് മൊയ്തീന്റെ കുടുംബാംഗങ്ങള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ പാരയാകുന്നത്.
നബിദിനത്തിന്റെ തലേന്ന് മൊയ്തീന്റെ ചെറുമകള്‍ ഫാത്തിമ ഷിഫയുടെ ആഭരണങ്ങളില്‍ നിന്നാണ് മാറ്റം കണ്ടു തുടങ്ങിയത്. ഫാത്തിമയുടെ ആഭരണങ്ങള്‍ വെള്ളനിറമായും ദ്രവിച്ചും നശിക്കുകയായിരുന്നു. കൂടെ കളിക്കുന്ന കുട്ടികള്‍ പറഞ്ഞതോടെയാണ് ഇക്കാര്യം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. വീട്ടിലെ മുതിര്‍ന്ന സ്ത്രീകളുടെ ആഭരണങ്ങളിലും ഇപ്രകാരം നിറം മാറ്റം പ്രകടമായെങ്കിലും ഫാത്തിമയുടെ ആഭരണങ്ങള്‍ മാത്രമാണ് പൂര്‍ണ്ണമായി നശിച്ചത്.
നാല് പവനോളം ഇപ്രകാരം നഷ്ടപ്പെട്ടു. ബാക്കിയുള്ളവയുടെ നിറം നഷ്ടപ്പെട്ട നിലയിലാണ്. നഗരത്തിലെ ജുവല്ലറികളില്‍ എത്തിച്ചു പരിശോധിച്ചപ്പോളാണ് രസത്തിന്റെ സാന്നിധ്യമാണ് ആഭരണങ്ങള്‍ നശിക്കുന്നതിന്റെ കാരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചില ആഭരണങ്ങള്‍ മാറ്റി വാങ്ങിയെങ്കിലും വീട്ടിലെത്തിയപ്പോള്‍ പഴയപടി വീണ്ടും നശിച്ചു. എപ്പോള്‍ സ്വര്‍ണം അണിഞ്ഞാലും അവ നശിക്കുമെന്നതിനാല്‍ വീട്ടുകാര്‍ ആഭരണങ്ങള്‍ അഴിച്ചുവച്ചിരിക്കുകയാണ്. അതേസമയം സമീപ വീടുകളിലെ സ്വര്‍ണത്തിന് കുഴപ്പമില്ല.
എവിടെ നിന്നാണ് മെര്‍ക്കുറിയുടെ സാന്നിധ്യം വീട്ടിലെത്തുന്നതെന്ന അന്വേഷണത്തിലാണ് മൊയ്തീനും കുടുംബവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല