സ്വന്തം ലേഖകൻ: ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശ പട്ടികയി ആധിപത്യം ഉറപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്. സിനിമ വിഭാഗത്തിലും സീരിസിലും ഏറ്റവും കൂടുതല്‍ നാമനിര്‍ദേശങ്ങള്‍ നേടിയിട്ടുള്ളത് നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങളാണ്. സിനിമാ വിഭാഗത്തില്‍ മാങ്കും സീരിസ് വിഭാഗത്തില്‍ ദി ക്രൗണുമാണ് കൂടുതല്‍ നോമിനേഷനുകള്‍ നേടി മത്സരംഗത്ത് ഏറ്റവും മുന്നിലുള്ളത്.
ആറ് നാമനിര്‍ദേശങ്ങളാണ് മാങ്കിനും ക്രൗണിനും ലഭിച്ചിട്ടുള്ളത്. വിവിധ ചിത്രങ്ങള്‍ക്കും സീരിസുകള്‍ക്കുമായി നെറ്റ്ഫ്‌ളിക്‌സിന് 42 നാമനിര്‍ദേശങ്ങളാണ് ലഭിച്ചിട്ടുള്ളത്. തിരക്കഥാകൃത്ത് ഹെര്‍മന്‍ മാന്‍കീവിസിന്റെ ബയോപികാണ് മാങ്ക്. ഓസ്‌കാര്‍ ജേതാവായ ഗാരി ഓള്‍ഡ്മാനാണ് ചിത്രത്തില്‍ ഹെര്‍മന്‍ മാന്‍കീവിസായെത്തുന്നത്. ദി ക്രൗണില്‍ എലിസബത്ത് രാജ്ഞിയെ അവതരിപ്പിച്ച ഒലീവ കോള്‍മാന്‍, ഡയാന രാജകുമാരിയായി വേഷമിട്ട എമ്മ കോറിന്‍ എന്നിവര്‍ നാമനിര്‍ദേശപട്ടികയിലുണ്ട്.
നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ ചിത്രമായ ദി ട്രയല്‍ ഓഫ് ഷിക്കാഗോ 7 മികച്ച സിനിമാ പുരസ്‌കാരത്തിനായി മത്സരിക്കുന്നുണ്ട്. അടുത്ത കാലത്ത് ഈ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചയായിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ ഒസാര്‍കും റാച്ചഡും സജീവമായി മത്സരത്തിനുണ്ട്. ഡിസ്‌നിയുടെ ദി മാന്‍ഡലോറിയനും എമ്മി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഷിറ്റസ് ക്രീക്കുമാണ് നിരവധി നോമിനേഷനുകള്‍ നേടിയ മറ്റു സീരിസുകള്‍.
ദി പേഴ്‌സണല്‍ ഹിസ്റ്ററി ഓഫ് ഡേവിഡ് കോപ്പര്‍ഫീല്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ത്യന്‍ നടന്‍ ദേവ് പട്ടേലിന് മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ മികച്ച നടനുള്ള നാമനിര്‍ദേശം ലഭിച്ചു. ലിമിറ്റഡ് സീരിസ് വിഭാഗത്തില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ക്യൂന്‍സ് ഗാംബിറ്റ്, അണ്‍ഓര്‍ത്തഡോക്‌സ് എ്ന്നീ സീരിസുകളും എച്ച്.ബി.ഒയുടെ അണ്‍ഡൂയിംഗും ആമസോണ്‍ പ്രൈമിന്റെ സ്‌മോള്‍ ആക്‌സും ഇഞ്ചോടിഞ്ച് മത്സരത്തിലാണ്. ഫെബ്രുവരി 28നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല