സ്വന്തം ലേഖകൻ: 78-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തിൽ മികച്ച നടനായി അന്തരിച്ച ചാഡ്വിക് ബോസ്മാനെ തെരഞ്ഞെടുത്തു. മികച്ച നടിയായി ഡ്രാമ വിഭാഗത്തിൽ ആഡ്രാ ഡേ അർഹയായി. മ്യൂസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്കാരം സാച്ച ബാറോണ്‍ കൊഹനും നടിക്കുള്ള പുരസ്കാരം റോസ്മുണ്ട് പൈക്കും സ്വന്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ടെലിവിഷൻ വിഭാഗത്തിൽ ദി ക്രൗണ്‍ നാല് പുരസ്കാരങ്ങൾ നേടി. മികച്ച സീരീസ്, മികച്ച നടി, മികച്ച നടൻ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം സ്വന്തമാക്കിയത്. ഡ്രാമ വിഭാഗത്തില്‍ നൊമാഡ്ലാന്റ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം സംവിധാനം ചെയ്ത ക്ലോയി ഴാവോ ആണ് മികച്ച സംവിധായിക. ബൊറാത് സബ്സ്വീകന്റ്് മൂവിഫിലിമാണ് മ്യൂസിക്കല്‍/കോമഡി വിഭാഗത്തിലെ മികച്ച ചിത്രം.
മാ റെയ്നിയുടെ ബ്ലാക് ബോട്ടത്തിലെ പ്രകടനത്തിനാണ് ചാഡ് വിക് ബോസ്മാന് മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ഭാര്യ സിമോണ്‍ ലെഡ് വാഡ് ബോസ്മാന് നടത്തിയ പ്രസംഗം ശ്രദ്ധിക്കപ്പെട്ടു.
“അദ്ദേഹം ദൈവത്തിന് നന്ദി പറയുമായിരുന്നു. മാതാപിതാക്കളോടും നന്ദിയറിയിക്കും. തന്റെ പിതാമഹാന്മാര് നടത്തിയ ത്യാഗങ്ങള്‍ക്കും നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അദ്ദേഹം നന്ദി പറയുമായിരുന്നു,“ സിമോണ്‍ പറഞ്ഞു. സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിനോടും അദ്ദേഹം നന്ദി പറയുമായിരുന്നെന്ന് ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞുകൊണ്ട് ഭാര്യ സിമോണ്‍ കൂട്ടിച്ചേര്‍ത്തു. സിനിമയിലും ജീവിതത്തിലും തന്നെ സഹായിച്ച നിരവധി പേര്‍ക്ക് അദ്ദേഹം നന്ദി പറയുമെന്നും സിമോണ്‍ പറഞ്ഞു.
ദി ട്രയല്‍ ഓഫ് ദ ഷിക്കാഗോ 7നാണ് മികച്ച തിരക്കഥക്കുള്ള പുരസ്കാരം നേടിയത്. ആരോണ്‍ സോര്‍കിനാണ് ചിത്രത്തിന്റെ തിരക്കഥ. മിനാരിയാണ് മികച്ച വിദേശ ചിത്രം. ആനിമേറ്റഡ് ചിത്രം സോള്‍ ആണ്. സംഗീതസംവിധാനത്തിനും സോള്‍ പുരസ്കാരം നേടി. ദി ലൈഫ് എഹെഡ് എന്ന ചിത്രത്തിലെ ലോ സി എന്ന ഗാനമാണ് മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടത്.
ടെലിവിഷന്‍/സീരിസ് വിഭാഗത്തിലും പ്രേക്ഷകപ്രീതി നേടിയ നിരവധി സീരിസുകള്‍ ഗോള്‍ഡന്‍ ഗ്ലോബ് സ്വന്തമാക്കിയത്. ദി ക്രൗണ്‍ ആണ് മികച്ച ഡ്രാമ സീരിസ്. ദി ക്രൗണിലെ പ്രകടനത്തിന് എമ്മ കോറിനും ജോഷ് ഒ’കോണറും ഈ വിഭാഗത്തിലെ മികച്ച നടീനടന്മാരായി. ഷിറ്റ്സ് ക്രീക്ക് ആണ് മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ പുരസ്കാരം നേടിയത്. ഷിറ്റ്സ് ക്രീക്കിലെ കാതറിന് ഒ’ഹാരയാണ് മികച്ച നടി. ടെഡ് ലാസോയിലെ ജേസണ്‍ സുഡേയ്കിസ് ഈ വിഭാഗത്തില്‍ മികച്ച നടനായി.
ലിമിറ്റഡ് സീരിസില്‍ ദി ക്വീന്‍സ് ഗാംബിറ്റാണ് പുരസ്കാരം നേടിയത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അന്യ ടെയ്ലര്-ജോയ് ആണ് മികച്ച നടി. ഐ നോ ദിസ് മച്ച് ഈസ് ട്രൂവില് കേന്ദ്ര കഥാപാത്രത്തെ ചെയ്ത മാര്‍ക്ക് റഫല്ലോയാണ് ഈ വിഭാഗത്തിലെ മികച്ച നടന്. ദി ക്രൗണിലെ ഗിലിയന് ആന്‍ഡേഴ്സണാണ് മികച്ച സഹനടി. സ്മോള്‍ ആക്സിലെ ജോണ്‍ ബോയേഗാണ് സഹനടനുള്ള പുരസ്കാരം നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല