യുകെയിലെ മലയാറ്റൂര്‍ എന്ന പ്രസിദ്ധമായ മാല്‍വണ്‍ മലനിരകള്‍ ദുഃഖവെള്ളി തിരുകര്‍മങ്ങള്‍ക്കായി ഒരുങ്ങി. സഹനവഴികളിലൂടെ നടന്ന് പാപപരിഹാരം തേടുവാന്‍ മുന്‍വര്‍ഷങ്ങളേതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇക്കുറി എത്തിച്ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 7.30ന് മാല്‍വണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ പീഡാനുഭവ തിരുകര്‍മങ്ങള്‍ക്ക് തുടക്കമാകും. ഫാ. സെബാസ്റ്റ്യന്‍ നാമറ്റം, ഫാ. മനോജ് പതിയില്‍ തുടങ്ങിയവര്‍ തിരുകര്‍മങ്ങളില്‍ കാര്‍മികരാകും.
തിരുകര്‍മങ്ങളെ തുടര്‍ന്ന് രാവിലെ 10 മണിയോടെ ബീക്കണ്‍ പോയിന്റില്‍നിന്നും കുരിശിന്റെ വഴിക്ക് തുടക്കമാകും. ചെങ്കുത്തായ മലനിരകളില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാല അനുയോജ്യമായ വസ്ത്രം ധരിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുരിശിന്റെ വഴിയുടെ മധ്യേ വൈദികര്‍ ദുഃഖവെള്ളി സന്ദേശം നല്‍കും. തുടര്‍ന്ന് മലമുകളില്‍ കുരിശു മുത്തം, കൈപ്പുനീര്‍ എന്നിവയ്ക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
എസ്.എം.സി. വൂസ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് തിരുകര്‍മങ്ങള്‍. കേംബ്രിഡ്ജ്, ബ്രിസ്റ്റോള്‍, കെന്റ്, ബര്‍മിംഗ്ഹാം, സ്റ്റോക്ക് ഓണ്‍ ട്രന്റ്, ഡെഡ്‌ലി, ഹെരിഫോര്‍ഡ് തുടങ്ങി യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വിശ്വാസികള്‍ മുന്‍വര്‍ഷങ്ങളില്‍ മാല്‍വണ്‍ മലകയറുവാന്‍ എത്തിയിരുന്നു. വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകര്‍ ഇക്കുറിയും ഒരുക്കിയിരിക്കുന്നത്. മാല്‍വണ്‍ മലനിരകളിലൂടെ നടന്ന് പാപ പരിഹാരം തേടുവാന്‍ ഏവരെയും എസ്.എം.സി. വൂസ്റ്റര്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം:
St. Joseph Church, 125 New town Rd, Malvern, Wr14 1PF
കുരിശിന്റെ വഴി ആരംഭിക്കുന്ന സ്ഥലത്തിന്റെ വിലാസം:
Beacon Rd, Upper Colwall, Malvern, WR14 4E-H
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല