തല്ലി പഠിപ്പിക്കേണ്ടവരെ തല്ലിത്തന്നെ പഠിപ്പിക്കണെന്ന് നമ്മുടെ കാരണവന്മാര്‍ പറയാറുണ്ട്. അത് ഇങ്ങ് ബ്രിട്ടണിലെ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും മനസിലായെന്ന് തോന്നുന്നു. കാരണം അതിന്റെ ചില സൂചനകള്‍ അവരുടെ തീരുമാനത്തില്‍നിന്ന് മനസിലാകുന്നുണ്ട്. കുട്ടികളെ വളര്‍ത്തേണ്ടത് എങ്ങനെയാണ് മാതാപിതാക്കളെ പഠിപ്പിക്കാനൊരുങ്ങുകയാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (എന്‍എച്ച്എസ്).
തല്ലി വളര്‍ത്തേണ്ടവരെ തല്ലി വളര്‍ത്തണമെന്ന മട്ടിലാവില്ല എന്‍എച്ച്എസ് പറയുകയെങ്കിലും മാതാപിതാക്കള്‍ക്ക് ഒരു ദിശാബോധം ഉണ്ടാക്കാന്‍ തന്നെയാണ് എന്‍എച്ച്എസ് ശ്രമിക്കുന്നത്. പരമ്പരാഗത മൂല്യങ്ങള്‍ അറിയാത്ത മില്യണ്‍ കണക്കിന് അമ്മമാര്‍ക്കും അപ്പന്മാര്‍ക്കുംവേണ്ടിയാണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് എന്‍എച്ച്എസ് വക്താക്കള്‍ അറിയിച്ചു.
ബ്രിട്ടന്റെ സാമൂഹിക ജീവിതം നവീകരിക്കണമെന്ന ഉദ്ദേശത്തോടെ ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതിയിലാണ് എന്‍എച്ച്എസിന്റെ പഠനപദ്ധതിയുള്ളത്. പ്രധാനമായും കുട്ടികളുമായി ചെലവഴിക്കുന്ന സമയത്തെ കാര്യങ്ങളും മറ്റുമാണ് പറയുന്നത്. പരമ്പരാഗമൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കഴിഞ്ഞ മാസം പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കിയിരുന്നു.
ബ്രിട്ടണില്‍ കുട്ടിക്കുറ്റവാളികള്‍ പെരുകുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ കരുതലോടെ പെരുമാറണമെന്ന നിരീക്ഷണം മനഃശാസ്ത്രജ്ഞരും മറ്റും വ്യക്തമാക്കിയിരുന്നു. അതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കുള്ള ഉപദേശങ്ങളുമായി രംഗത്തുവരാന്‍ എന്‍എച്ച്എസ് തീരുമാനിച്ചത്. പദ്ധതിപ്രകാരം കുഴപ്പങ്ങള്‍ നിറഞ്ഞ 120,000 കുടുംബങ്ങളിലെ മാതാപിതാക്കള്‍ക്ക് ഉപദേശങ്ങളുള്ള മെയില്‍ അയക്കാമെന്നാണ് എന്‍എച്ച്എസ് തീരുമാനിച്ചിരിക്കുന്നത്. ഇത് പദ്ധതിയുടെ ആദ്യഘട്ടമായിരിക്കും. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കുടുംബങ്ങളിലേക്ക് മെയില്‍ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല