സ്വന്തം ലേഖകൻ: ഗൂഗിളില്‍നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതായുള്ള വാർത്തകള്‍ കുറച്ചുദിവസങ്ങള്‍ക്കു മുമ്പേ പുറത്തുവന്നിരുന്നു. അമ്മയുടെ മരണത്തേത്തുടർന്നുള്ള അവധി കഴിഞ്ഞ് ജോലിക്കെത്തിയതിനു പിന്നാലെയാണ് ടോമി യോര്‍ക്ക് എന്ന സോഫ്റ്റ് വെയർ എന്‍ജിനീയർക്ക് പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് ലഭിക്കുന്നത്. അപ്രതീക്ഷിത നടപടിയായിപ്പോയെന്ന് അദ്ദേഹം പറയുന്നു.
അവധി കഴിഞ്ഞെത്തി ദിവസങ്ങള്‍ക്കകമാണ് സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ക്കെതിരേ ഗൂഗിളിന്റെ നടപടി. 2021-ല്‍ ജോലിയില്‍ പ്രവേശിച്ച തന്നെ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമല്ലെന്ന് ഇയാള്‍ കരിയര്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനില്‍ കുറിച്ചു. അര്‍ബുദ ബാധിതയായിരുന്ന ടോമിയുടെ അമ്മ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മരിച്ചത്.
തുടര്‍ന്ന് നാലുദിവസം അവധിയെടുത്തിരുന്നു. അവധി കഴിഞ്ഞ് തിരിച്ചെത്തിയതോടെയാണ് ടോമിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. മാസങ്ങള്‍ നീണ്ട ഉത്കണ്ഠയ്ക്കും സമ്മര്‍ദ്ദത്തിനും ശേഷമാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അതിനു പിന്നാലെ ഉണ്ടായ പരിച്ചുവിടല്‍ മുഖത്തേറ്റ അടിപോലെയാണ് അനുഭവപ്പെട്ടത്, അദ്ദേഹം പറയുന്നു.
കഴിഞ്ഞ ആഴ്ച ഗൂഗിള്‍ 12,000 പേരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് പ്രവേശിക്കാനാവാതെ വന്നതോടെയാണ് ജോലിപോയ കാര്യംതന്നെ പലരും അറിഞ്ഞത്. വളരെ ആലോചിച്ചുള്ള തീരുമാനമാണ് ഈ പിരിച്ചുവിടലെന്നാണ് ചീഫ് എക്‌സിക്യുട്ടീവ് സുന്ദര്‍ പിച്ചെ പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല