സ്വന്തം ലേഖകൻ: ടെക് ലോകത്തെ മുൻനിര കമ്പനികളായ ട്വിറ്റർ, മെറ്റ, ആമസോൺ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന് സൂചന. ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആറു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ.
പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാനിലൂടെ ജീവനക്കാരുടെ പ്രകടനം കമ്പനി വിലയിരുത്തും. ഇത് വഴി ജീവനക്കാരെ റാങ്ക് ചെയ്യും. കുറഞ്ഞ റാങ്ക് ലഭിക്കുന്ന ജീവനക്കാരെ 2023 ന്റെ തുടക്കത്തോടെ കമ്പനി പുറത്താക്കും. പുതിയ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന റേറ്റിങ് ഓപ്ഷൻ വഴിയാണ് മേധാവികൾ ടീമംഗങ്ങളെ റേറ്റ് ചെയ്യുക.
അതിന്റെ അടിസ്ഥാനത്തിലായിരിക്കും ബോണസും മറ്റ് ഗ്രാന്റുകളും നൽകുക. അലസത കാണിക്കുന്നവരെ കണ്ടെത്താൻ ഈ സംവിധാനം സഹായമാകുമെന്നാണ് കമ്പനി കരുതുന്നത്. പിരിച്ചുവിടൽ സംബന്ധിച്ച് ഔദ്യോഗികമായി റിപ്പോർട്ട് ഒന്നും പുറത്തു വന്നിട്ടില്ല. കഴിഞ്ഞ ദിവസമാണ് മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടത്. കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സുരക്ഷിതമെന്ന് കരുതിയിരുന്ന ആമസോണും ജീവനക്കാരെ കുറക്കാനുള്ള നടപടികളിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല