സ്വന്തം ലേഖകൻ: ഏറ്റവും പരിസ്ഥിതി സൗഹൃദ റൂട്ട് ഏതെന്നും ഇനി ഗൂഗിൾ മാപ് നമ്മളെ അറിയിക്കും. അമേരിക്കയിലാണ് ഇതിനു തുടക്കമിട്ടിരിക്കുന്നത്. ‘പച്ചപ്പും ഹരിതാഭയും’ ഉള്ള വഴിയിലൂടെ നയിക്കുമെന്നല്ല, ഏറ്റവും കുറഞ്ഞ ഇന്ധനച്ചെലവിൽ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വഴിയാണ് ഗൂഗിൾ മാപ് പറഞ്ഞുതരുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും യുഎസ് ഊർജ വകുപ്പിൽനിന്നുള്ള വിവരങ്ങളുടെയും സഹായത്തോടെയാണിത്.
ഏറ്റവും വേഗമേറിയ റൂട്ട്, ഏറ്റവും മൈലേജ് കിട്ടുന്ന റൂട്ട് എന്നിവയ്ക്കു പുറമേ, 2 റൂട്ടും തമ്മിലുള്ള സമയ വ്യത്യാസം, ഇന്ധനച്ചെലവിലെ വ്യത്യാസം, പരിസ്ഥിതി ആഘാതത്തിന്റെ അഥവാ കാർബൺ നിർഗമനത്തിന്റെ അളവ് എന്നിവയും അറിയാം. ജനത്തിനും പ്രകൃതിക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്ന സൗകര്യം എന്നാണ് ഗൂഗിൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഓരോ യാത്രയുടെയും കാർബൺ ഫുട്പ്രിന്റ് കുറയ്കുക എന്നത് ഏവരുടെയും ഉത്തരവാദിത്തമായി മാറുന്ന കാലം അകലെ അല്ലാത്തതിനാൽ ഗൂഗിൾ നീക്കത്തിന്റെ പ്രസക്തി കൂടുന്നു.
കഴിഞ്ഞ വർഷം ഗൂഗിൾ മാപ് നോക്കി യാത്ര ചെയ്ത സൈക്കിൾ യാത്രികരുടെ എണ്ണത്തിൽ മുൻകൊല്ലത്തെ അപേക്ഷിച്ച് 98% വർധന ഉണ്ടായ സാഹചര്യത്തിൽ, സൈക്കിളിങ്ങിനായി ‘ലൈറ്റ്’ നാവിഗേഷൻ അവതരിപ്പിക്കാനും ഗൂഗിൾ റെഡിയായിക്കഴിഞ്ഞു. ഏതാനും മാസത്തിനകം അമേരിക്കയിൽ ഇതും ആരംഭിക്കും. വലിയ വാഹനങ്ങളിൽ ഉപകാരപ്പെടുന്നതരം ടേൺ ബൈ ടേൺ നാവിഗേഷന് സൈക്കിളിൽ വലിയ പ്രാധാന്യമില്ലെന്ന തിരിച്ചറിവാണ് പുതിയ മാറ്റത്തിന് പിന്നിൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല