സ്വന്തം ലേഖകൻ: ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക വൻ സാമ്പത്തിക മാന്ദ്യത്തിലേക്കു പോയേക്കാമെന്ന് മാസങ്ങളായി നിലനില്‍ക്കുന്ന സൂചന ജൂലൈ 22ന് കൂടുതല്‍ ബലപ്പെട്ടു. ജനപ്രിയ സമൂഹമാധ്യമമായ സ്നാപ്ചാറ്റിന്റെ കഴിഞ്ഞ പാദത്തിലെ നഷ്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുകയും അസ്ഥിരമായ ഭാവിയെക്കുറിച്ചുള്ള ഭീതി കമ്പനി മേധാവി മാധ്യമങ്ങളോട് പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്.
ഇതോടെ, സിലിക്കന്‍ വാലി കമ്പനികള്‍ക്ക് മൊത്തത്തില്‍ ഇന്നലെ മാത്രം 8000 കോടി ഡോളറിന്റെ ഇടിവാണ് ഓഹരി വിപണിയില്‍ ഉണ്ടായിരിക്കുന്നതെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ സാമ്പത്തിക ലക്ഷ്യം നേടാനാകാതിരുന്നത് എന്തുകൊണ്ടാണ് എന്നതിന് സ്നാപ് നല്കിയ വിശദീകരണമാണ് ടെക്നോളജി കമ്പനികള്‍ക്ക് ഓഹരി വിപണിയിലെ തകര്‍ച്ചയ്ക്കു കാരണമായത്.
അമേരിക്കയിലെ സാമ്പത്തിക മേഖലയിലെ മാന്ദ്യവും ടിക്ടോക്കില്‍ നിന്നു നേരിടുന്ന കടുത്ത മത്സരവും ഐഫോണുകളില്‍ സ്വകാര്യതയ്ക്കായി വരുത്തിയ മാറ്റവും വിനയായി എന്ന് സ്നാപ് പറഞ്ഞു. മുന്നോട്ടുളള യാത്ര അവിശ്വസനീയമായ രീതിയില്‍ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ സ്നാപിന്റെ ഓഹരി 26 ശതമാനം ഇടിഞ്ഞു. കമ്പനിക്ക് 2022ല്‍ മൊത്തം ഉണ്ടായിരിക്കുന്നത് 70 ശതമാനം ഇടിവാണ്.
സ്നാപ്പിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത് പരസ്യങ്ങള്‍ വഴി വരുമാനം കൊയ്യുന്ന ടെക്നോളജി കമ്പനികള്‍ക്ക് മൊത്തത്തില്‍ ആഘാതമുണ്ടാക്കി. മെറ്റാ (ഫെയ്സ്ബുക്) കമ്പനിയുടെ വിപണി മൂല്യം 5 ശതമാനം ഇടിഞ്ഞു. ഇത് 2500 കോടി ഡോളറാണ്. താരതമ്യേന വലിയ കമ്പനിയായ ഗൂഗിളിന് (ആല്‍ഫബെറ്റ്) ഇടിഞ്ഞത് 3 ശതമാനമാണ്. ഇത് 4000 കോടി ഡോളര്‍ വരും.
ഈ ഭീമന്മാരെക്കാള് ചെറിയ കമ്പനിയായ സ്നാപ്പിന്റെ നഷ്ടം 700 കോടി ഡോളറാണ്. സ്പോട്ടിഫൈ ടെക്നോളജി, റോബൊലൊക്സ്, ഷോപിഫൈ തുടങ്ങിയ കമ്പനികള്‍ക്കും ഏകദേശം 3 ശതമാനം നഷ്ടം നേരിട്ടു. ടെസ്ല മേധാവി ഇലോണ്‍ മസ്കുമായി അങ്കംവെട്ടുന്ന ട്വിറ്ററിന് 2 ശതമാനം ഓഹരിത്തകര്‍ച്ചയാണ് ഉണ്ടായത്.
അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം വന്നേക്കാമെന്ന് ദ് വാള് സ്ട്രീറ്റ് ജേണല്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ടെക്നോളജി ഭീമന്മാരായ ഗൂഗിള്‍, ഫെയ്സ്ബുക് തുടങ്ങിയ കമ്പനികള്‍ അടക്കം വളരെ ജാഗ്രതയോടെയാണ് നീങ്ങുന്നത്.
ഇരു കമ്പനികളും പുതിയ ജോലിക്കാരെ എടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരസ്യങ്ങള്‍ വഴി ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കാണ് 8000 കോടി ഡോളര്‍ നഷ്ടം ഉണ്ടായിരിക്കുന്നത്. ഹാര്ഡ്വെയര് വില്പന വഴി ലാഭം കൊയ്യുന്ന ആപ്പിളിനെ ഇത് ബാധിച്ചിട്ടില്ലെന്നും കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല