ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ അപകടത്തില്‍പ്പെട്ട് ആദ്യമായി നാല് പേര്‍ക്ക് പരിക്കേറ്റു. ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാലിഫോര്‍ണിയയില്‍ ജൂലായ് ഒന്നിനാണ് സംഭവം. സെല്‍ഫ് ഡ്രൈവിംഗ് കാറും മറ്റൊരു കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും മറ്റേ കാറിന്റെ ഡ്രൈവറിനുമാണ് നിസാര പരിക്കേറ്റത്. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും ചെറിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സെന്‍സറും കാമറുകളുമുള്ള സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ ഡ്രൈവര്‍ സീറ്റില്‍ ഒരാളെ ഇരുത്തിയ ശേഷമാണ് കാലിഫോര്‍ണിയയിലെ റോഡുകളില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നത്. ഒരു അടിയന്തര സാഹചര്യം വന്നാല്‍ അതിനെ നിയന്ത്രിക്കാനായാണിത്. ഇതോടൊപ്പം സൈഡ് സീറ്റിലിരുന്ന് വിവരങ്ങള്‍ റെക്കാര്‍ഡ് ചെയ്യാന്‍ മറ്റൊരാളേയും ഗൂഗിള്‍ നിയോഗിച്ചിട്ടുണ്ട്. പിന്‍സീറ്റിലും ഒരാളുണ്ടായിരിക്കും.
ആറ് വര്‍ഷത്തിനിടെ 1.9 ദഷലക്ഷം മൈലുകളില്‍ കാറോടിച്ച് നോക്കിയിട്ടുണ്ടെന്നും ഇതിനിടെ ഉണ്ടാകുന്ന പതിനാലാമത്തെ അപകടമാണിതെന്നും ഗൂഗിള്‍ അറിയിച്ചു. എന്നാല്‍ ഇത് ആദ്യമായാണ് അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുന്നത്. അപകടത്തിന് കാരണം മനുഷ്യന്റെ അശ്രദ്ധയാണെന്ന് സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പ്രോഗ്രാം തലവനായ ക്രിസ് ഉര്‍മ്‌സണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല