സ്വന്തം ലേഖകന്‍: വനിതാ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കണം; ലോകവ്യാപകമായി ഗൂഗിള്‍ ജീവനക്കാരുടെ ഇറങ്ങിപ്പോക്കു സമരം. ജോലിസ്ഥലത്തെ ലൈംഗികഅതിക്രമങ്ങളും സ്ത്രീകളോടുള്ള വിവേചനവും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ ലോകമെമ്പാടുമുള്ളഎന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു ജീവനക്കാര്‍ പങ്കെടുത്തു. ടോക്കിയോയിലെ ഓഫീസിലാണ് ആരംഭിച്ചത്. ലണ്ടന്‍, ഡബ്ലിന്‍, സിംഗപ്പൂര്‍, ബെര്‍ലിന്‍, ഇസ്രയേലിലെ ഹെയ്ഫ, സൂറിച്ച് എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം നടന്നു. എല്ലായിടത്തും രാവിലെ 11നാണ് ആരംഭിച്ചത്.
ലൈംഗികാതിക്രമങ്ങള്‍ ഭയരഹിതമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ജീവനക്കാര്‍ ഉന്നയിച്ചു. ഗൂഗിള്‍ കന്പനിയുടെ സിഇഒ സുന്ദര്‍ പിച്ചൈ സമരത്തെ വിമര്‍ശിക്കുന്നതിനു പകരം പിന്തുണ അറിയിച്ചു. ജീവനക്കാരുടെ ദേഷ്യവും നിരാശയും തനിക്കു മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ആന്‍ഡ്രോയ്ഡിന്റെ ഉപജ്ഞാതാവായ ആന്‍ഡിറൂബിനെ പിരിച്ചുവിട്ടപ്പോള്‍ 660 കോടി രൂപ ഗൂഗിള്‍ നഷ്ടപരിഹാരം നല്‍കിയെന്ന റിപ്പോര്‍ട്ടു വന്നു ദിവസങ്ങള്‍ക്കകമാണ് ജീവനക്കാരുടെ സമരം.
കമ്പനിയുടെ മുന്‍കാല ചെയ്തികള്‍ക്ക് മാപ്പുപറഞ്ഞു കൊണ്ട് സിഇഒ സുന്ദര്‍ പിച്ചൈ ചൊവ്വാഴ്ച ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചിരുന്നു. 13 സീനിയര്‍മാനേജര്‍മാര്‍ ഉള്‍പ്പെടെ 48 ജീവനക്കാരെ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമത്തിന്റെ പേരില്‍ ഗൂഗിള്‍ പുറത്താക്കിയെന്നു നേരത്തെ പിച്ചൈ വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല