ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ നോര്‍ത്ത് കൊറിയയുടെ ഗതിയാകുമെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ മുന്നറിയിപ്പ് നല്‍കി. ഒപ്പം ഹോങ്കോങ്ങ് പോലുള്ള മുന്‍ സ്വാധീന കേന്ദ്രങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതും ബ്രിട്ടനെ സുഹൃത്തുക്കളില്‍ നിന്ന് അകറ്റി ഒറ്റപ്പെടുത്തും.
നേരത്തെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഒരു പഠനം അനിശ്ചിതത്വവും നാശവുമാണ് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനു തൊട്ടു പുറകെയാണ് മുന്‍ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകുന്നത് ബ്രിട്ടനെ അപ്രസക്തമാക്കുമെന്നും സുഹൃത്തുക്കളോ സ്വാധീനമോ ഇല്ലാത്ത അവസ്ഥയില്‍ കൊണ്ടെത്തിക്കുമെന്നും ബ്രൗണ്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ടു കിടക്കുന്ന 3 മില്യണ്‍ തൊഴിലവസരങ്ങള്‍, 25,000 കമ്പനികള്‍, 200 ബില്യണ്‍ പൗണ്ട് വരുന്ന വാര്‍ഷിക കയറ്റുമതി, 450 ബില്യണ്‍ പൗണ്ട് വരുന്ന വിദേശ നിക്ഷേപം എന്നിവ കണക്കിലെടുക്കണമെന്ന് ബ്രൗണ്‍ ചൂണ്ടിക്കാട്ടി.
ലോകത്തോട് ചേരാന്‍ വേണ്ടി യൂറോപ്പിനെ ഉപേക്ഷിക്കുന്നത് വിദേശ വ്യപാരത്തിലും വിദേശ നിക്ഷേപത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കും. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ ജര്‍മ്മനിയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ബ്രിട്ടന്‍. പെട്ടെന്ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറിയാല്‍ ജര്‍മ്മനിയുമായുള്ള മത്സരത്തില്‍ ബ്രിട്ടന്‍ എല്ലാ അര്‍ഥത്തിലും പരാജയപ്പെടുമെന്നും ബ്രൗണ്‍ മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല