സ്വന്തം ലേഖകൻ: സ്കൂൾ തുറക്കാൻ മൂന്നു ദിവസം മാത്രം ബാക്കിനിൽക്കെ അധ്യാപകരെയും വിദ്യാഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തി സർക്കാരിന്റെ വിചിത്രമായ തീരുമാനം. ബലക്ഷയത്തിന്റെ പേരിൽ ഇംഗ്ലണ്ടിൽ 156 സ്കൂൾ കെട്ടിടങ്ങൾ അടച്ചുപൂട്ടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഈ സ്കൂളികളിലെ കുട്ടികൾ കോവിഡ് കാലത്തിനു സമാനമായി ഓൺലൈൻ ക്ലാസുകളിലേക്ക് മാറേണ്ട സാഹചര്യമാണ് സംജാതമാകുന്നത്.
കെട്ടിട നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന പ്രത്യേകതരം കോൺക്രീറ്റ് (റീഇൻഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോൺക്രീറ്റ്) ബലക്ഷയമുള്ളതാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി സർക്കാർ ഇത്തരത്തിൽ തീരുമാനം എടുത്തത്. എന്നാൽ ഏതൊക്കെ സ്കൂളുകളാണ് ഇത്തരത്തിൽ പൊളിച്ചുമാറ്റേണ്ടി വരുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നില്ല. വരും ദിവസങ്ങളിൽ ഇതിന്റെ വിശദാംശങ്ങൾ അറിയിക്കുമെന്നാണ് സ്കൂൾ മിനിസ്റ്റർ നിക്ക് ഗിബ്ബ് പറയുന്നത്. 156ൽ 50 സ്കൂളുകൾ വളരെ അപകടാവസ്ഥയിലാണെന്ന കണ്ടെത്തലാണ് സർക്കാർ നടത്തിയിരിക്കുന്നത്.
സർക്കാർ തീരുമാനത്തിനെതിരേ ശക്തമായ ജനരോഷമാണ് ഉയരുന്നത്. സ്കൂൾ അടച്ച് രണ്ടുമാസത്തോളം സമയമുണ്ടായിട്ടും ഇക്കാര്യത്തിൽ സ്കൂൾ തുറക്കുന്നതിന് മൂന്നു ദിവസം മുൻപ് മാത്രം തീരുമാനം എടുത്തത് സർക്കാരിന്റെ പിടിപ്പുകേടും ഉത്തരവാദിത്വം ഇല്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. സ്കൂളുകളുടെ ലിസ്റ്റ് രഹസ്യമാക്കി വയ്ക്കുന്നതിനെയും പ്രതിപക്ഷം വിമർശിച്ചു.
അവധിക്കാലത്തിനു മുമ്പ് ഈ തീരുമാനം എടുത്തിരുന്നെങ്കിൽ ഇതിനോടകം ബദൽ മാർഗങ്ങൾ കണ്ടെത്താൻ പ്രാദേശിക കൗൺസിലുകൾക്ക് കഴിയുമായിരുന്നു എന്നാണ് മാതാപിതാക്കളും പറയുന്നത്. കുട്ടികളെ വീണ്ടും കോവിഡ് കാലത്തേതിനു സമാനമായി ഓൺലൈൻ ക്ലാസുകളിലേക്ക് തള്ളിവിടുന്നതിൽ മാതാപിതാക്കൾ കടുത്ത രോഷത്തിലാണ്. കുട്ടികൾ വീട്ടിലിരുന്നു പഠിക്കുന്ന സാഹചര്യം മാതാപിതാക്കളുടെ ജോലിയെയും സാരമായി ബാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല