1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2023

സ്വന്തം ലേഖകൻ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്നിറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ച് കോഴിക്കോട് മിഠായിത്തെരുവിലെത്തി. താൻ ഹൽവ വാങ്ങുന്നതിനായാണ് മിഠായിത്തെരുവിലെത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. ന​ഗരത്തിലെത്തിയ ​ഗവർണർ കുട്ടികളോട് സംസാരിക്കുകയും മിഠായിത്തെരുവിലെ കടയിൽ നിന്ന് ഹൽവ രുചിക്കുകയും ചെയ്തു.

കോഴിക്കോടുനിന്ന് കേരളത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങിയെന്ന് സന്ദര്‍ശനത്തിന് പിന്നാലെ ഗവര്‍ണര്‍ പ്രതികരിച്ചു. കേരളത്തോട് അകമഴിഞ്ഞ നന്ദിയെന്നും ഗവര്‍ണര്‍ പറഞ്ഞു. നിരവധി പേർ ​ഗവർണർക്ക് ആഭിവാദ്യം അർപ്പിക്കാൻ സ്ഥലത്തെത്തിയിരുന്നു. പൊതുജനങ്ങളോട് സംസാരിച്ചും കുട്ടികളെയെടുത്തും ജീവനക്കാരോടൊപ്പം സെൽഫിയെടുത്തും ​ഗവർണർ മുന്നോട്ട് നീങ്ങി. ഉച്ചയ്ക്ക് 1.15-ഓടെയാണ്‌ അദ്ദേഹം മിഠായിത്തെരുവിൽ നിന്ന് മടങ്ങിയത്.

വൻ പോലീസ് സന്നാഹമാണ് ​ഗവർണറുടെ വരവിനോടനുബന്ധിച്ച് മിഠായിത്തെരുവിലും പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. ​ന​ഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണ് മിഠായിത്തെരുവ്. ​ഗവർണർ കൂടെ എത്തിയതോടെ തടിച്ചുകൂടിയ ജനങ്ങളെ മാറ്റാൻ പോലീസ് പാടുപെട്ടു. തന്നെ വെല്ലുവിളിച്ച പ്രതിഷേധക്കാർക്കുള്ള മറുപടിയായാണ് ​ഗവർണറുടെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

സർവകലാശാല കാമ്പസിൽ ​ഗവർണറെ കാലുകുത്തിക്കില്ലെന്ന് എസ്.എഫ്.ഐ വ്യക്തമാക്കിയിരുന്നു. എന്നാൽ, തന്നെ അക്രമിക്കണമെന്നുള്ളവർക്ക് നേരിട്ട് വരാമെന്നായിരുന്നു ​ഗവർണറുടെ മറുപടി. തന്റെയടുത്ത് നിന്ന് പോലീസിനെ മാറ്റിനിര്‍ത്തിയാല്‍, തന്റെയടുത്ത് വരരുതെന്ന് ആദ്യം എസ്.എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നത് മുഖ്യമന്ത്രിയായിരിക്കും. അദ്ദേഹത്തിന് ഇക്കാര്യത്തിലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടെന്നും ​ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.