സ്വന്തം ലേഖകന്‍: അടിയന്തിര ഘട്ടങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് തടയിടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ തടയുന്നതിനെ സംബന്ധിച്ച അഭിപ്രായങ്ങളും സാധ്യതകളും വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലികോം കന്പനികളോട് ആവശ്യപ്പെട്ടു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകള്‍ തടയുന്നതിന്റെ സാധ്യതകളാണ് കേന്ദ്ര ഐടി മന്ത്രാലയം ആരാഞ്ഞത്. ഐടി ആക്ടിലെ 69എ വകുപ്പ് പ്രകാരമാണു നടപടി.
ആപ്ലിക്കേഷനുകള്‍ തടയുന്നത് ഇപ്പോള്‍ ടെലികോം മന്ത്രാലയത്തിന്റെ പരിഗണനയിലില്ല. എന്നാല്‍ ഇതിനെ നിരീക്ഷിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക മാത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യസുരക്ഷയ്ക്കു ഭീഷണിയായാല്‍ നിയമം അനുവദിക്കുന്ന അഥോറിക്കിക്കോ നിയമിക്കുന്ന വ്യക്തിക്കോ ഇന്റര്‍നെറ്റിലെ ഏതു വിവരവും തടയാന്‍ ഐടി ആക്ടിലെ 69എ വകുപ്പ് അനുവദിക്കുന്നുണ്ട്.
വാട്‌സ്ആപ്പിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ കേന്ദ്ര ഐടി മന്ത്രാലയം വാട്ട്‌സ്ആപ്പിന് അടുത്തിടെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദുരുപയോഗം ചെയ്യുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുമെന്നും വ്യാജവാര്‍ത്തകള്‍ തടയുന്നതിന് പ്രാദേശികമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്നും വാട്ട്‌സ്ആപ്പ് ഇതിന് മറുപടി നല്‍കി. ഇതിനു പിന്നാലെയാണ് കേന്ദ്രം ആപ്ലിക്കേഷനുകള്‍ തടയുന്നതിന്റെ സാധ്യത ആരാഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല