സ്വന്തം ലേഖകന്‍: മുഖം കാണിച്ച് വിമാനത്താവളങ്ങളില്‍ പ്രവേശിക്കാവുന്ന ഡിജി യാത്ര പദ്ധതിയ്ക്ക് തുടക്കമായി; 2019 ഫെബ്രിവരിയോടെ നിലവില്‍ വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനത്തിലൂടെ വിമാനത്താവളത്തില്‍ ബോഡിങ് നല്‍കുന്ന സംവിധാനമായ ‘ഡിജി യാത്ര’ പദ്ധതി വ്യോമയാന മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ എയര്‍പോര്‍ട്ടില്‍ കടക്കാന്‍ പ്രത്യേക ഉപകരണത്തില്‍ മുഖം കാണിച്ചാല്‍ മാത്രം മതിയാവും.
അടുത്ത വര്‍ഷം മുതല്‍ മുഖം തിരിച്ചറിഞ്ഞ് യാത്രക്കാരെ എര്‍പോര്‍ട്ടുകളിലേക്ക് പ്രവേശിപ്പിക്കാനുള്ള സാങ്കേതിക വിദ്യ രാജ്യമൊട്ടാകെ നിലവില്‍ വരും. ഭാവിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. അതേസമയം ഡിജി യാത്ര യാത്രക്കാര്‍ക്ക് നിര്‍ബന്ധമല്ലെന്നും യാത്രാസംബന്ധമായ നടപടികള്‍ വേഗത്തിലും കടലാസ് രഹിതവുമാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
2019 ഫെബ്രുവരി അവസാനത്തോടെ ഡിജി യാത്ര നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ ബെംഗളുരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലാവും പദ്ധതി അവതരിപ്പിക്കുക. കൊല്‍ക്കത്ത, വാരാണസി, പൂണെ, വിജയവാഡ എയര്‍പോര്‍ട്ടുകളില്‍ ഏപ്രില്‍ മാസത്തോടെ ഡിജി യാത്ര വ്യാപിപ്പിക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല