എന്‍എച്ച്എസിന്റെ ജിപി സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ രോഗികള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് പൗരത്വം തെളിയിക്കണമെന്ന് പുതിയ നിയമം. കുടിയേറ്റക്കാര്‍ വര്‍ദ്ധിച്ച തോതില്‍ ജിപി സേവനങ്ങള്‍ പറ്റുന്നുണ്ടെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് എന്‍എച്ച്എസിന്റെ പുതിയ പരിഷ്‌ക്കാരങ്ങള്‍.
ഈ വര്‍ഷം അവസാനത്തോടെ ഇതിന് തുടക്കമാകുമെന്നാണ് ലഭിക്കുന്ന ആദ്യ സൂചനകള്‍. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് മുന്നോടിയായി പൈലറ്റ് സ്റ്റഡി നടത്താനും ആരോഗ്യ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.
പ്രാഥമിക ആരോഗ്യ പരിപാലനത്തിന് വിദേശികളില്‍ നിന്ന് പണമീടാക്കുന്നതില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഇതേക്കുറിച്ച് പ്രതികരിക്കുമ്പോള്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ തിരക്കില്‍പ്പെട്ട് ഉഴലുന്ന ജിപി ഡോക്ടര്‍മാരെ സഹായിക്കാനായി, യഥാര്‍ത്ഥത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി പൈല്റ്റ് നടത്തുമെന്നും വക്താവ് പറഞ്ഞു.
ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ജനറല്‍ പ്രാക്ടീഷ്‌ണേര്‍സ് കമ്മറ്റിയും ആരോഗ്യ മന്ത്രാലയവുമായി സംയുക്ത കൂടിയാലോചനകള്‍ നടന്നു വരികയാണ്. ഏത്രവരെ പണം ഈടാക്കണം, എന്തൊക്കെയാകണം മാനദണ്ഡങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും.
ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് കഴിഞ്ഞ വര്‍ഷം തന്നെ യൂറോപ്യന്‍ യൂണിയന് പുറത്തുള്ളവര്‍ക്ക് എന്‍എച്ച്എസ് ചികിത്സയ്ക്ക് കൂടുതല്‍ പണം ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിലെ ചികിത്സാ ഫീസുകളില്‍ നിന്ന് 150 ശതമാനം കൂടുതലായിരിക്കും വിദേശികളില്‍ നിന്ന് ഈടാക്കുക എന്നായിരുന്നു ജെറമി ഹണ്ട് പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല