സ്വന്തം ലേഖകന്‍: 99 മത്തെ വയസില്‍ ബിരുദം നേടിയാല്‍ യൂണിവേഴ്‌സിറ്റി നമിക്കാതെ പിന്നെന്തു ചെയ്യും. ഒപ്പം സര്‍ട്ടിഫിക്കറ്റും നല്‍കി. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയാണ് 99 വയസുള്ള ഡോറീത്ത ഡാനിയേല്‍സിന്റെ ദൃഡനിശ്ചയത്തിനു മുന്നില്‍ നമിച്ചത്. ഒട്ടും വൈകാതെ യൂണിവേഴ്‌സിറ്റി അവരെ ബിരുദം നല്‍കി ആദരിക്കുകയും ചെയ്തു.
2009 ലാണ് ഡാനിയേല്‍സ് കാലിഫോര്‍ണിയയിലെ തന്റെ ബിരുദ പഠനം ആരംഭിച്ചത്. പഠനം ആരംഭിച്ച ശേഷം അവരെ രണ്ട് തവണ മസ്തിഷ്‌കാഘാതവും കാഴ്ചക്കുറവും ആക്രമിച്ചു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ അതൊന്നും തടസമായില്ല.
ജീവിതം കെട്ടിപ്പടുക്കാനുള്ള തിരക്കിനിടയില്‍ താന്‍ വിദ്യാഭ്യാസം നേടുന്നതിനെ കുറിച്ച് മറന്ന് പോയെന്നും അതിനാലാണ് ഒടുവില്‍ ഈ പ്രായത്തില്‍ പഠനത്തിനായി സമയം കണ്ടെത്തിയതെന്നും ഡാനിയേല്‍സ് പറയുന്നു. സാമൂഹ്യ ശാസ്ത്രത്തിലാണ് ഡാനിയേല്‍സ് ബിരുദം നേടിയത്. തന്റെ സ്വപ്നം സഫലമായെന്നാണ് ബിരുദം വാങ്ങുന്ന അവസരത്തില്‍ ഡാനിയേല്‍സ് പറഞ്ഞത്.
തന്നെ പഠിക്കാനായി ഏറ്റവുമധികം പ്രോത്സാഹിപ്പിച്ച തന്റെ കൊച്ചുമക്കളോട് പ്രത്യേക നന്ദിയും അവര്‍ രേഖപ്പെടുത്തി. സര്‍വകലാശാലയിലെ മാത്രമല്ല, അമേരിക്കയിലെ തന്നെ വിദ്യാര്‍ഥികള്‍ക്കും പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ചൊരു മാതൃകയായിരിക്കുകയാണ് ഡോറീത്തയെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല