1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2012

മോഹന്‍ലാല്‍ നായകനാകുന്ന ‘ഗ്രാന്റ്‌ മാസ്‌റ്ററി’ന്‌ ഹോളിവുഡ്‌ ചിത്രമായ ‘ടേക്കണോ’ട്‌ വളരെയേറെ സാമ്യമെന്ന്‌ സിനിമാ സംസാരം. 2008 ല്‍ പുറത്തു വന്ന ഹോളിവുഡ്‌ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്‌ ടേക്കണ്‍. പീരേ മോറല്‍ ആയിരുന്നു ‘ടേക്കണി’ന്റെ സംവിധായകന്‍.

സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ഏജന്‍സി ഉദ്യോഗസ്‌ഥനായ കഥാനായകന്റെ മകള്‍ ഒരു വന്‍കിട അന്താരാഷ്‌ട്ര പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാവുന്നതും തുടര്‍ന്ന്‌ അവളുടെ പിതാവായ കഥാനായകന്‍ അതിസാഹസികമായി മകളെ രക്ഷിക്കുന്നതുമായിരുന്നു ടേക്കണിന്റെ കഥാതന്തു. ശ്വാസമടക്കിപ്പിടിച്ചിരുന്നു മാത്രം കാണാനാവുന്ന ആക്ഷന്‍ രംഗങ്ങളായിരുന്നു ഈ ഹോളിവുഡ്‌ ആക്ഷന്‍ ത്രില്ലര്‍. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന ആളാണ്‌ ടേക്കണിലെ കഥാനായകന്‍. ഗാ യികയാവാന്‍ കൊതിക്കുന്ന മകളും ഭാര്യയ്‌ക്കൊപ്പമാണ്‌.

തന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ കുടുംബത്തിനൊപ്പം അധികസമയം ചിലവഴിക്കാന്‍ കഴിയാത്തതു മൂലം ഭാര്യയുമായി ഉണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്‌മയാണ്‌ ടേക്കണിലെ കഥാനായകന്റെ ദാമ്പത്യ ബന്ധം വഴിപിരിയാന്‍ കാരണം. എന്നാല്‍, കഥാന്ത്യത്തില്‍ അദ്ദേഹം മകളെ അതിസാഹസികമായി രക്ഷപ്പെടുത്തുന്നതോടെ ഭാര്യ എല്ലാം മറന്ന്‌ തിരിച്ചു വരികയും അച്‌ഛനും അമ്മയും മകളും ഒരുമിക്കുകയും ചെയ്യുന്നു.

ഭാര്യയുമായി പിരിഞ്ഞു ജീവിക്കുന്ന ഒരുന്നത പോലീസുദ്യോഗസ്‌ഥനെയാണ്‌ ഗ്രാന്റ്‌ മാസ്‌റ്ററില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌. വ്യക്‌തിപരമായ പ്രശ്‌നങ്ങള്‍ മൂലം സ്വന്തം കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ അലസത കാണിച്ചിരിക്കുന്ന അദ്ദേഹം ഒരു നാള്‍ വര്‍ദ്ധിത വീര്യത്തോടെ കര്‍മ്മ നിരതനായി കളത്തിലിറങ്ങുകയാണ്‌. ചിലര്‍ താനറിയാതെ തന്റെ ജീവിതത്തിന്റെ ചതുരംഗപ്പലകയില്‍ കരുക്കള്‍ നീക്കിത്തുടങ്ങിയപ്പോഴായിരുന്നു കഥാനായകനിലെ പോലീസ്‌ വീര്യം ഉണര്‍ന്നത്‌. ഇവിടം മുതലാണ്‌ ഗ്രാന്റ്‌ മാസ്‌റ്റര്‍ സംഭ്രമജനകമാകുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌.

ഗ്രാന്റ്‌ മാസ്‌റ്ററില്‍ മോഹന്‍ലാലിന്റെ ക്രിമിനല്‍ ലോയറായ ഭാര്യയായി പ്രിയാമണിയാണ്‌ അഭിനയിക്കുന്നത്‌. ടേക്കണില്‍ മകളുടെ കഥാപാത്രത്തിനായിരുന്നു പ്രാധാന്യമെങ്കില്‍ ഗ്രാന്റ്‌ മാസ്‌റ്ററില്‍ ഭാര്യയ്‌ക്കാണ്‌ പ്രാധാന്യം. ഇങ്ങനെ ചില ചില്ലറ വ്യത്യാസങ്ങള്‍ വരുത്തി ടേക്കണല്ല ഗ്രാന്റ്‌ മാസ്‌റ്റര്‍ എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്‌ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എന്നാണ്‌ ഉപശാലാ വാര്‍ത്തകള്‍. ഗ്രാന്റ്‌ മാസ്‌റ്റര്‍ ഈ ഏപ്രിലില്‍ തീയേറ്ററുകളിലെത്തുമെന്നാണറിയുന്നത്‌. യു.ടി.വി. മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ റോണി സ്‌ക്രൂവാലയാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.