ലോകകപ്പിലെ നിര്‍ണായകമായ സെമി ഫൈനല്‍ മത്സരത്തില്‍ ഭാഗ്യ കടാക്ഷം ഇല്ലാത്തതിനാല്‍ ഫൈനല്‍ കാണാതെ പുറത്തായ ദക്ഷിണാഫ്രിക്കന്‍ ടീമിനെ തോല്‍പ്പിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് ദക്ഷിണാഫ്രിക്കക്കാരന്‍ തന്നെ. മത്സരത്തിന്റെ അന്തിമ ഘട്ടത്തില്‍ നിര്‍ണായകമായ റണ്‍സ് സ്‌കോര്‍ ചെയ്ത് ദക്ഷിണാഫ്രിക്കയെ തോല്‍വിയിലേക്ക് പായിച്ച ന്യൂസിലന്‍ഡ് താരം ഗ്രാന്റ് എലിയറ്റ് (36) ജന്മംകൊണ്ട് ദക്ഷിണാഫ്രിക്കന്‍ വംശജനാണ്. 82 റണ്‍സ് വാരികൂട്ടി എലിയറ്റ് ടീം ടോപ് സ്‌കോറര്‍ ആകുകയായിരുന്നു.
ക്രിക്കറ്റിനോടുള്ള കടുത്ത ആരാധനയാണ് എലിയറ്റിനെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ന്യൂസിലന്‍ഡിലെത്തിച്ചത്. 1997ല്‍ ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 ടീമില്‍ അംഗമായിട്ടുള്ള എലിയറ്റ് രാജ്യാന്തര മത്സരങ്ങളില്‍ തഴയപ്പെടുമെന്ന് ഉറപ്പായതോടെ ന്യൂസിലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു. തുടര്‍ന്ന് കളിയില്‍ പച്ചപിടിച്ചു തുടങ്ങിയ എലിയറ്റ് 2008ല്‍ ജക്കബ് ഓറത്തിന് പകരക്കാരനായി ന്യൂസിലന്‍ഡ് ടീമില്‍ ഇടം കണ്ടെത്തി. പിന്നീട് 2009ല്‍ വീണ്ടും ടീമിലെത്തിയ എലിയറ്റ് ഓസീസിനെതിരെയും ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെയും മികച്ച പ്രകടനത്തോടെ ന്യൂസിലന്‍ഡ് ടീമിലെ തന്റെ സ്ഥാനം ഉറപ്പിച്ചു.
2013ലെ ദക്ഷിണാഫ്രിക്കയില്‍ നടന്ന എകദിന മത്സരത്തില്‍ ടീമിനെ പരമ്പരയിലെത്തിച്ച എലിയറ്റിന്റെ പ്രകടനം ലോക ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് ലോകകപ്പ് മത്സരത്തിന് മുമ്പ് ശ്രീലങ്കയ്‌ക്കെതിരെ നടന്ന മല്‍സരത്തില്‍ സെഞ്ചുറി കുറിച്ചതോടെ എലിയറ്റിലെ ന്യൂസീലന്‍ഡ് ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ സിലക്ടര്‍മാരും തീരുമാനിച്ചു.
73 പന്തില്‍ ഏഴ് ഫോറുകളും മൂന്നു സിക്‌സറുകളും ഉള്‍പ്പെടെ 84 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നത്തെ എലിയറ്റിന്റെ പ്രകടനം. കളിയുടെ നിര്‍ണായക അവസരത്തില്‍ ടീമിനെ കാത്ത എലിയറ്റിന്റെ പ്രകടനം ന്യൂസിലന്‍ഡിനൊപ്പം ജന്മ നാടായ ദക്ഷിണാഫ്രിക്കയും എന്നും അസൂയയോടെ ഓര്‍ക്കുമെന്നതില്‍ സംശയമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല