സ്വന്തം ലേഖകന്‍: യുകെയില്‍ തെരേസാ മേയ്‌ക്കെതിരെ പാളയത്തില്‍ പട, മേയെ രാജിവെപ്പിക്കാനുള്ള അണിയറ നീക്കങ്ങളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്‌സും സംഘവും. കാബിനറ്റ് മന്ത്രിമാരടക്കം 30 എംപിമാരുടെ പിന്തുണ തനിക്കുണ്ടെന്നു ഗ്രാന്റ് അവകാശപ്പെടുന്നു. 48 എംപിമാരുടെ പിന്തുണ തെളിയിക്കാനായാല്‍ പാര്‍ട്ടിക്കുള്ളില്‍ നേതൃത്വ മത്സരം നടത്തണമെന്ന ആവശ്യം ഗ്രാന്റിന് ഉന്നയിക്കാനാകും. ഇതിനുള്ള ചരടുവലികളിലാണ് ഷാപ്‌സും കൂട്ടാളികളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ അടുത്ത ബുധനാഴ്ച ചേരുന്ന പാര്‍ട്ടിയുടെ സുപ്രധാന കമ്മിറ്റി യോഗം മേയുടെ ഭാവിയില്‍ നിര്‍ണായകമാകും. എന്നാല്‍, തനിക്കെതിരെ നീക്കമുണ്ടെന്ന വര്‍ത്തകള്‍ മേയ് തള്ളി. രാജ്യത്തിനിപ്പോള്‍ വേണ്ടത് സമചിത്തതതോടെ കൃത്യമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ഒരാളെയാണ്. ഭാഗ്യവശാല്‍ താനത് ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. കണ്‍സര്‍വേറ്റിവ് എം.പിമാരുടെ പൂര്‍ണ പിന്തുണയുണ്ടെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂണിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ മേയുടെ രാജിക്കായി സമ്മര്‍ദമുയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ബ്രെക്‌സിറ്റ് അനുകൂല വിധിയെത്തു തുടര്‍ന്നു കാമറോണ്‍ പ്രധാനമന്ത്രി കസേര ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനത്ത് എത്തിയ തെരേസാ മേയെ കാത്തിരുന്നത് കടുത്ത പരീക്ഷണങ്ങളായിരുന്നു. കാലാവധി തീരും മുന്‍പേ സര്‍ക്കാര്‍ പിരിച്ചുവിട്ട് ജൂണില്‍ തെരഞ്ഞെടുപ്പു നടത്തി ടോറികള്‍ക്കു പാര്‍ലമെന്റിലുണ്ടായിരുന്ന മേധാവിത്വം നഷ്ടപ്പെടുത്തിയതാണ് മേയ്‌ക്കെതിരായ സ്വന്തം പാര്‍ട്ടിയിലെ നീക്കങ്ങള്‍ ശക്തമാകാന്‍ പ്രധാന കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല