1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2011

ആഗോള സാമ്പത്തിക രംഗത്ത് പുതിയ വെല്ലുവിളി ഉയര്‍ത്തി യൂറോ മേഖലയില്‍ നിന്ന് ഗ്രീസ് പുറത്തുപോകാന്‍ സാധ്യതയേറി. മാന്ദ്യത്തിലായ ഗ്രീസിന് എത്രകാലം യൂറോ മേഖല ആവശ്യപ്പെടുന്ന കടുത്ത ചെലവു ചുരുക്കല്‍ നടപടികള്‍ തുടരാനാകുമെന്ന സംശയം ഓരോ ദിവസവും ശക്തിപ്പെടുകയാണ്. ഗ്രീസിന്റെ കടക്കെണി യൂറോപ്യന്‍ യൂണിയന്റെ മൊത്തം നിലനില്‍പ്പിനെപോലും അപകടത്തിലാക്കുന്നതാണ് പുതിയ നീക്കത്തിന് ഊര്‍ജം പകരുന്നത്.

യൂറോ മേഖലയിലെ മുഖ്യ നയ രൂപീകര്‍ത്താക്കളായ ജര്‍മ്മനിയുടെ നിലപാടാണ് ഗ്രീസിന് വിനയാകുന്നത്. അടിയന്തര വായ്പകള്‍ അനുവദിച്ചും കടപത്രങ്ങള്‍ വാങ്ങിയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളെ സഹായിക്കുന്ന രീതിയോട് ജര്‍മ്മനിയില്‍ രാഷ്ട്രീയ എതിര്‍പ്പ് ശക്തമാകുകയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് വന്‍ ബാധ്യത സൃഷ്ടിച്ച് ഗ്രീസ്, പോര്‍ച്ചുഗല്‍, സ്പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെ യൂറോ മേഖലയില്‍ നിലനിറുത്തുന്നതിനോടും ജര്‍മ്മനിക്ക് എതിര്‍പ്പുണ്ട്.

ഇതിനിടെ ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നത് പുതിയ പ്രതിസന്ധികള്‍ക്ക് വഴി തെളിയിക്കുമെന്ന ആശങ്ക വ്യാപകമാണ്. യൂറോപ്യന്‍ സാമ്പത്തിക മേഖലയില്‍ പ്രവചനാതീതമായ അപകടം സൃഷ്ടിക്കുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഗ്രീസ് സ്വമേധയാ പുറത്തുപോയാലും പുറത്താക്കിയാലും പ്രത്യാഘാതം വളരെ വരുതായിരിക്കും. പതിനേഴ് അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയന്‍ ശിഥിലമാകാന്‍ ഇതു കാരണമാകുമെന്ന് വിലയിരുത്തുന്നു.

ഗ്രീസ് പുറത്തായാല്‍ വിമര്‍ശകര്‍ അടുത്തതായി ഇറ്റലിയെയും സ്പെയിനിനെയും നോട്ടമിടാന്‍ സാധ്യതയുണ്ട്. യൂറോപ്യന്‍ യൂണിയന്‍ പ്രതിസന്ധിയിലായാല്‍ ലോകത്തിലെ മുഖ്യ സാമ്പത്തിക ശക്തിയായി ഏഷ്യന്‍ ബ്ളോക്ക് ഉയര്‍ന്നുവന്നേക്കും. ആഗോള നാണയമായി ചൈനയുടെ യുവാന് സാധ്യത തെളിയുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.