സ്വന്തം ലേഖകന്‍: കടക്കെണി, യൂറോ സോണിന്റെ കടാശ്വാസ പദ്ധതിക്ക് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം. ഗ്രീസിനെ കടക്കെണിയില്‍നിന്നു കരകേറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ച കര്‍ശന ഉപാധികളോടെയുള്ള സാമ്പത്തിക പരിഷ്‌കരണ പദ്ധതിയാണ് ഗ്രീസ് പാര്‍ലമെന്റ് പാസാക്കിയത്. അഞ്ചുവര്‍ഷത്തിനിടെ ഇതു മൂന്നാംവട്ടമാണു കടാശ്വാസം തേടി ഗ്രീസ് പാര്‍ലമെന്റ് യൂറോപ്യന്‍ യൂണിയന്‍ വ്യവസ്ഥകള്‍ക്കു വഴങ്ങുന്നത്.
എന്നാല്‍, കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിക്കെതിരായ എതിര്‍പ്പ് ശക്തമാണ്. ഭരണകക്ഷിയില്‍തന്നെ കരാറിനെതിരെ ഭിന്നതകള്‍ രൂക്ഷമാണെനാണ് സൂചന. 20 നു ശേഷം സിപ്രസ് വിശ്വാസവോട്ട് തേടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ രാവിലെനടന്ന വോട്ടെടുപ്പില്‍ 300 അംഗ പാര്‍ലമെന്റില്‍ യൂറോ അനുകൂല പ്രതിപക്ഷത്തിന്റെ പിന്തുണയോടെ 222 വോട്ട് നേടിയാണു ബില്‍ പാസാക്കിയത്. പ്രധാനമന്ത്രി അലക്‌സിസ് സിപ്രസിന്റെ പാര്‍ട്ടിയായ സിറീസയിലെ ഒരുവിഭാഗം അടക്കം 43 അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്യുകയോ വിട്ടുനില്‍ക്കുകയോ ചെയ്തു. മൂന്നുവര്‍ഷത്തെ കടമോചന പദ്ധതിയിലൂടെ 9600 കോടി ഡോളറിന്റെ (ഏകദേശം 6,04,800 കോടി രൂപ) സഹായമാണു ലഭിക്കുക.
ബ്രസല്‍സില്‍ ചേരുന്ന യൂറോ സോണ്‍ മന്ത്രിമാരുടെ യോഗം ഗ്രീസ് പാര്‍ലമെന്റ് നടപടി അംഗീകരിച്ചാലുടന്‍ കടാശ്വാസം അനുവദിക്കും. യൂറോപ്യന്‍ യൂണിയന്‍ സെന്‍ട്രല്‍ ബാങ്കിനുള്ള ഗ്രീസിന്റെ കടബാധ്യതയായ 320 കോടി യൂറോ (22,400 കോടി ഇന്ത്യന്‍ രൂപ) 20നു മുന്‍പായി നല്‍കണം.
അതേസമയം യൂറോപ്യന്‍ യൂണിയന്റെ കടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കു വഴങ്ങിയതിന്റെപേരില്‍ ഭരണകക്ഷിയായ തീവ്ര ഇടതുപാര്‍ട്ടി സിറീസ പിളര്‍പ്പിലേക്ക് നീങ്ങുകയാണ്. സാമൂഹികക്ഷേമ പരിപാടികള്‍ക്കായുള്ള സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറച്ചതും നികുതികള്‍ കൂട്ടിയതും പിന്‍വലിക്കണമെന്നാണു വിമതരുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല