സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന ഗ്രീസിന്റെ രക്ഷാ പാക്കേജിനെച്ചൊല്ലി ഭരണകക്ഷിയായ സിരിസയില്‍ പോര് മുറുകുന്നു. അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിലും വിമതര്‍ നിലപാടില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി സെപ്തംബറില്‍ അടിയന്തര പാര്‍ട്ടി കോണ്‍ഗ്രസ് ചേരാന്‍ ധാരണയായി.
പാര്‍ട്ടിക്ക് അകത്തുനിന്ന് തന്നെ ഉയര്‍ന്ന ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് പ്രധാനമന്ത്രി അലക്‌സി സിപ്രാസ് കടാശ്വാസ ബില്ലിന്റെ രണ്ടാം ഘട്ടം പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്. സിറിസയിലെ 39 അംഗങ്ങള്‍ വോട്ടിങ്ങില്‍നിന്ന് വിട്ടുനിന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ പിന്തുണയാണ് സിപ്രസിന് തുണയായത്.
എന്നാല്‍ പാര്‍ട്ടിക്കകത്തെ അഭിപ്രായ ഭിന്നത സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെയും പാര്‍ട്ടി ഐക്യത്തെയും ബാധിച്ചതോടെ പ്രശ്‌നപരിഹാരത്തിന് സിപ്രസ് മുന്‍കൈയെടുത്ത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വിളിച്ചുചേര്‍ക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ മുന്നോട്ട് നയിക്കാന് യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് യോഗത്തിന് മുന്‍പ് അലക്‌സി സിപ്രാസ് സഹപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു.
എതിര്‍പ്പ് തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വരുമെന്നും സിപ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം അംഗങ്ങള്‍ യോഗത്തില്‍ ആവര്‍ത്തിച്ചു. 201 കേന്ദ്ര കമ്മിറ്റിയില്‍ പന്ത്രണ്ട് പേര്‍ രാജി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് കൂടുതല്‍ വിശദമായ ചര്‍ച്ചക്ക് സെപ്തംബറില്‍ അടിയന്തര പാര്‍ട്ടി കോണ്‍ഗ്രസ് ചേരാന്‍ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല