1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2015

സ്വന്തം ലേഖകന്‍: ഗ്രീസ് യൂറോപ്യന്‍ യൂണിയനോട് വിട പറയാന്‍ ഒരുങ്ങുന്നതായി സൂചന. ഗ്രീസിന്റെ പുറത്തുപോകല്‍ യൂണിയന്റെ സ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ നീക്കത്തിന് തടയിടാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമായി.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഗ്രീസ് പുറത്തുപോയാലുണ്ടാകുന്ന ഭവഷ്യത്തുകള്‍ ചര്‍ച്ച ചെയ്യാന്‍ യൂണിയനിലെ പ്രമുഖ നേതാക്കള്‍ ബര്‍ലിനില്‍ യോഗം ചേര്‍ന്നു. ഗ്രീസ് പുറത്തു പോകുന്നതു വഴി പരിഹരിക്കപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങളാണ് പുറത്തു പോയാല്‍ പുതുതായി ഉണ്ടാകാന്‍ പോകുന്നതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ക്ലോദ് ജങ്കര്‍ വ്യക്തമാക്കി.

ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദും അടക്കമുള്ള പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. വ്യവസായ നേതാക്കളുമായുള്ള ഡിജിറ്റല്‍ സ്ട്രാറ്റജി ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്റെ ഔദ്യോഗിക അജന്‍ഡ.

എന്നാല്‍, ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സി സിപ്രാസ് ഫ്രഞ്ച് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടുകള്‍ ഗ്രീക്ക് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ഗ്രീസ് ഐഎംഎഫിന് ഈ മാസം നല്‍കാനുള്ള പണം നല്‍കാന്‍ കഴിയില്ലെന്ന് സൂചന നല്‍കിയിരുന്നു.

ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഏകപക്ഷീയമായി പുറത്തു പോയാല്‍ സമാനമായ സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ചാഞ്ചാടി നില്‍ക്കുന്ന മറ്റ് രാജ്യങ്ങളിലും ഈ ആവശ്യം ശക്തമാകുമെന്നാണ് ജര്‍മ്മനിയും ഫ്രാന്‍സും അടക്കമുള്ള പ്രമുഖ രാജ്യങ്ങളുടെ ആശങ്ക. അതിനാല്‍ ഏതു വിധേനെയും ഗ്രീസിനെ യൂറോപ്യന്‍ യൂണിയനില്‍ പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ സജീവമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.