സ്വന്തം ലേഖകൻ: അതിശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി ഗ്രീസ്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി അസഹനീയമായ ചൂടാണ് ഗ്രീസില്‍ അനുഭവപ്പെടുന്നത്. വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള ഉഷ്ണക്കാറ്റിന്റെ ഫലമായി താപനില 43 ഡിഗ്രി പിന്നിട്ടതോടെ അക്രോപോളിസ് ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം കഴിഞ്ഞ ദിവസം അടച്ചുപൂട്ടി. രാജ്യത്തെ പ്രൈമറി സ്‌കൂളുകളും നഴ്‌സറികളും അടക്കാനും അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ വര്‍ഷം സാധാരണയിലും നേരത്തെയാണ് ഗ്രീസില്‍ ഉഷ്ണതരംഗം ഉണ്ടായിരിക്കുന്നത്. തലസ്ഥാന നഗരിയായ ആതന്‍സലാണ് സ്ഥിതി രൂക്ഷമായത്. ഇവിടുത്തെ ടൂറിസം കേന്ദ്രങ്ങളാണ് കൂടുതലും അടച്ചത്. അക്രോപോളിസിലേക്ക് കയറാനുള്ള ടിക്കറ്റിനായി ക്യൂവില്‍ നിന്ന സഞ്ചാരികളില്‍ പലരും ചൂടില്‍ തലകറങ്ങി വീഴുകയുണ്ടായി. ഇതോടെയാണ് ഇതുള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. പ്രദേശവാസികളോട് പരമാവധി വീടുകളില്‍ നിന്ന് ജോലികള്‍ ചെയ്യാനും പുറത്തിറങ്ങുന്നത് കുറയ്ക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ക്രീറ്റ് ദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ചാനിയ നഗരത്തിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 44.5 ഡിഗ്രി രേഖപ്പെടുത്തിയത്. ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം നേരിയ ഭൂചലനവുമുണ്ടായി. 42 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയ ആതന്‍സിന്റെ മധ്യഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയതു. ആതന്‍സിന് പുറമെ ക്രീറ്റിലെയും മറ്റനേകം ദ്വീപുകളിലേയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട്. നല്ല കാറ്റുള്ളതിനാല്‍ കാട്ടുതീ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് ഗ്രീസ് ഉഷ്ണതരംഗത്തിന്റെ പിടിയിലമര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഗ്രീസിലെ സഞ്ചാരികളുടെ പറുദീസയായ റോഡ്‌സ് ദ്വീപ് കാട്ടുതീയിലമര്‍ന്നിരുന്നു. ദ്വീപിന്റെ പകുതിയിലേറെ ഭാഗം അന്ന് കാട്ടുതീ വിഴുങ്ങി. അമ്പതിനായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും അഗ്നിക്കിരയായി. ചാര്‍ട്ടര്‍ വിമാനങ്ങളിലാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സഞ്ചാരികളെ ദ്വീപില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ഗ്രീസിലേക്കുള്ള വിനോദസഞ്ചാരം കുറഞ്ഞിരുന്നു. പിന്നീട് പല ആനുകൂല്യങ്ങളും സൗജന്യ താമസവുമെല്ലാം പ്രഖ്യാപിച്ചാണ് ഗ്രീസ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല