സ്വന്തം ലേഖകന്‍: ഗ്രീസ്, മാസിഡോണിയ ധാരണയില്‍ കല്ലുകടി, രാജ്യത്തിന്റെ പേരുമാറ്റല്‍ നടപ്പില്ലെന്ന് മാസിഡോണിയന്‍ പ്രസിഡന്റ്. മാസിഡോണിയയുടെ പേരുമാറ്റാന്‍ തയാറല്ലെന്നു പ്രസിഡന്റ് ജ്യോര്‍ജി ഇവാനോവ് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിടാന്‍ അദ്ദേഹം വിസമ്മതിച്ചു. മാസിഡോണിയയുടെ പേര് ‘റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മാസിഡോണിയ’ എന്നു മാറ്റാന്‍ ഗ്രീസിന്റെയും മാസിഡോണിയയുടെയും വിദേശകാര്യമന്ത്രിമാര്‍ ഈയിടെ ധാരണയിലെത്തിയിരുന്നു.
മുന്‍പ് യുഗൊസ്‌ലാവ്യയുടെ ഭാഗമായിരുന്ന ചെറുരാജ്യമായ മാസിഡോണിയയ്ക്ക് യൂറോപ്യന്‍ യൂണിയനിലേക്കും നാറ്റോയിലേക്കുമുള്ള പ്രവേശനത്തിനു വിഘാതമായി നില്‍ക്കുന്നത് പേരാണ്. വിദേശകാര്യമന്ത്രിമാരുടെ ധാരണ കഴിഞ്ഞയാഴ്ച മാസിഡോണിയന്‍ പാര്‍ലമെന്റും അംഗീകരിച്ചിരുന്നു. എന്നാല്‍, തനിക്ക് ഇതില്‍ ഒപ്പുവയ്ക്കാനുള്ള അധികാരമില്ലെന്നും പേരുമാറ്റം ഭരണഘടനാലംഘനമാണെന്നും ചൂണ്ടിക്കാട്ടി പ്രസിഡന്റ് വിസമ്മതിക്കുകയായിരുന്നു.
ഗ്രീസിലെ ഒരു പ്രവിശ്യയുടെ പേരും മാസിഡോണിയ എന്നാണ്. തങ്ങളുടെ ഭാഗമായ ദേശത്തിന്റെ പേരില്‍ മറ്റൊരു രാജ്യം നിലവിലുള്ളത് അവരെ അസ്വസ്ഥരാക്കുന്നു. തങ്ങളുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമെന്നാണ് ഗ്രീസ് ഇതേക്കുറിച്ചു പറയുന്നത്. ഇതിന്റെ പേരില്‍ ഇയു അടക്കമുള്ള ലോകവേദികളില്‍ മാസിഡോണിയയുടെ പ്രവേശം വിലക്കുന്നതും ഗ്രീസാണ്. മറിച്ച് മാസിഡോണിയയിലും വികാരപരമായ വിഷയമാണിത്.
ഗ്രീസിന്റെ സമ്മര്‍ദത്തിനു വഴങ്ങി പേരുമാറ്റുന്നതിനെ അവര്‍ എതിര്‍ക്കുന്നു. ഈ വികാരമാണു പ്രസിഡന്റും പ്രകടിപ്പിക്കുന്നത്. എന്നാല്‍, യുറോപ്യന്‍ യൂണിയന്‍ പോലുള്ള വേദികളില്‍ എത്തേണ്ടതു സാമ്പത്തികമായി രാജ്യത്തിന് ആവശ്യമാണു താനും. എന്നാല്‍ പ്രസിഡന്റിന്റെ എതിര്‍പ്പിനെ മറികടന്നും പേരുമാറ്റം യാഥാര്‍ഥ്യമാക്കാന്‍ പാര്‍ലമെന്റിനു കഴിയുമെന്നതിനാല്‍ ഇനി എല്ലാ കണ്ണുകളും പാര്‍ലമെന്റിനു നേര്‍ക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല